ശബരിമല വിധിയിൽ വ്യക്തത വരുത്താനായി നിയമോപദേശം തേടും: മുഖ്യമന്ത്രി

തിരുവനന്തപുരം : സുപ്രീംകോടതി വിധി എന്തായാലും നടപ്പിലാക്കുമെന്നാണ് സർക്കാർ നിലപാടെന്നും കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ പുതിയ വിധിയിൽ വ്യക്തത വരുത്താനായി നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയം ഏഴംഗ ബെഞ്ചിനു വിട്ട അഞ്ചംഗ ബെഞ്ചിന്റെ വിധിയിൽ വ്യക്തത വരാനുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. അഞ്ചംഗ ബെഞ്ചിന്റേത് ഭൂരിപക്ഷ വിധിയാണ്. രണ്ടുപേർ വിയോജിപ്പു രേഖപ്പെടുത്തി. നേരത്തെയുള്ള അഞ്ചംഗ ബഞ്ചിന്റെ വിധി ഇപ്പോഴും നിലനിൽക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ ഇതിൽ വ്യക്തത വരാനുണ്ട്. അഞ്ചംഗ ബെഞ്ച് വീണ്ടും ശബരിമല വിധി പരിശോധിക്കുമോ അതോ ഏഴംഗ ബെഞ്ചാണോ പരിശോധിക്കുന്നത് എന്നു വ്യക്തമാകണം. അഞ്ചംഗ ബെഞ്ചിന്റെ വിധിക്കെതിരെ സ്റ്റേ വേണമെന്ന് നേരത്തേ ആവശ്യമുയർന്നിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. വിധി കോടതി തിരുത്തിയില്ല. ഈ സാഹചര്യത്തിൽ നിയമപരമായ കാര്യങ്ങൾ വിലയിരുത്തി മാത്രമേ തുടർ നടപടികൾ സ്വീകരിക്കാൻ കഴിയൂ എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിധി നടപ്പിലാക്കിയാലുള്ള പ്രത്യാഘാതങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ഇക്കാരണത്താൽ വിധിയെക്കുറിച്ച് ഒറ്റയടിക്കു പറയാൻ കഴിയില്ല. നിയമജ്ഞരുമായി കൂടിയാലോചിക്കും. വിധിയിൽ ആശയക്കുഴപ്പം ഉണ്ട്. അതു പരിഹരിച്ച് നിലപാടെടുക്കും– മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകൾ ശബരിമല ദർശനത്തിനെത്തിയാൽ പുതിയ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കുമെന്നും ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *