റാഫേൽ: പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാനക്കരാറിൽ നരേന്ദ്രമോദി സർക്കാരിനെതിരായ അഴിമതി ആരോപണത്തിൽ സ്വതന്ത്രാന്വേഷണം തള്ളിയ ഡിസംബർ 14ന്റെ വിധി പുനഃപരിശോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. 36 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള 58,000 കോടി രൂപയുടെ കരാറിനെതിരെ കേസെടുക്കണമെന്ന ആവശ്യവും ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്‌റ്റിസുമാരായ എസ്.കെ. കൗൾ, കെ. എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചില്ല.

യുദ്ധവിമാനം വാങ്ങാനുള്ള തീരുമാനം എടുത്ത പ്രക്രിയ, വിമാനത്തിന്റെ വില നിശ്ചയിക്കൽ, ഇന്ത്യൻ ഓഫ്സെറ്റ് പങ്കാളിയെ നിശ്ചയിക്കൽ എന്നിവയിൽ ജുഡിഷ്യൽ പരിശോധനയ്ക്കുള്ള സാദ്ധ്യത കുറവാണെന്ന് വിശദീകരിച്ച ജസ്‌റ്റിസ് കെ.എം. ജോസഫ് പ്രത്യേകം വിധിന്യായം എഴുതി.

യുദ്ധവിമാനവുമായി ബന്ധപ്പെട്ട ഒാരോ കരാറും വ്യത്യസ്‌തമായിരിക്കും. അത് ജുഡിഷ്യൽ പുനഃപരിശോധനയ്‌ക്ക് വിധേയമാക്കാനുള്ള മാനദണ്ഡം നിശ്‌ചയിക്കാനാവില്ല.യുദ്ധ വിമാനങ്ങളുടെ വില നിശ്‌ചയിച്ചതിന്റെ രേഖകളിൽ കോടതിക്ക് തൃപ്തിയുണ്ട്. ചിലരുടെ സംശയങ്ങൾ തീർക്കാൻ വില നിർണയത്തിൽ ഇടപെടുന്നത് കോടതിയുടെ ജോലിയല്ല. വിമാനങ്ങളുടെ അടിസ്ഥാന വില കുറവായിരിക്കും. വിമാനത്തിൽ അധിക സങ്കേതങ്ങൾ ചേർക്കുമ്പോൾ വില നിശ്‌ചയിക്കേണ്ടത് അധികാരികളാണ്.

റാഫേൽ അഴിമതി ആരോപണത്തിൽ കേസെടുക്കണമെന്ന ആവശ്യം കോടതി വിശദമായി പരിശോധിച്ചതാണ്. രേഖകളെ വിശ്വസിക്കാമെങ്കിൽ കോടതിക്ക് വസ്‌തുതകൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. അതിനാൽ പുന:പരിശോധനാ ഹർജികൾ പരിഗണിക്കേണ്ടതില്ല. മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, അഡ്വ. പ്രശാന്ത് ഭൂഷൺ എന്നിവർ നൽകിയ പുന:പരിശോധന ഹർജി പരിഗണിക്കാൻ മെറിറ്റില്ലെന്ന് സുപ്രീംകോടതി വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *