സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി വിധി

ന്യൂഡൽഹി: രാജ്യത്ത് ഏറെ നാൾ നീണ്ടുനിന്ന തർക്കങ്ങൾക്ക് ഒടുവിൽ വിരാമമിട്ടുകൊണ്ട് സുപ്രീ കോടതിയുടെ ചരിത്രവിധി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന വർഷങ്ങൾ നീണ്ട തർക്കത്തിനാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്  തീർപ്പുകൽപ്പിച്ചിരിക്കുന്നത്.

പൊതുതാൽപര്യം സംരക്ഷിക്കാൻ സുതാര്യത അനിവാര്യമാണെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്. വിഷയത്തിൽ 2010ലെ ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപക് ഗുപ്ത, എൻവി രമണ, ഡിവൈ ചന്ദ്രചൂഢ് എന്നിവരായിരുന്നു ചീഫ് ജസ്റ്റിസിനെ കൂടാതെ ബെഞ്ചിലെ മറ്റ് അംഗങ്ങൾ. വിഷയത്തിൽ ഭരണഘടനാ ബെഞ്ചിൽനിന്ന് ഭൂരിപക്ഷ വിധിയാണുണ്ടായത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയും ജസ്റ്റിസുമാരായ സഞ്ജയ് ഖന്നയും ദീപക് ഗുപ്തയും വിധിയോട് യോജിച്ചപ്പോൾ, ജസ്റ്റിസുമാരായ ചന്ദ്രചൂഡും രമണയും വിയോജിപ്പ് പ്രകടിപ്പിച്ചു.

ചീഫ് ജസ്റ്റിസിന്റെ ഓഫീസിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ചറിയാൻ പൊതുജനങ്ങൾക്കും അവകാശമുണ്ട്. അതിന് താൽപര്യവുമുണ്ട്. അതിനാൽ തന്നെ ചീഫ് ജസ്റ്റിസിന്റെ ഓഫീസ് 2005ലെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. അറിയാനുള്ള അവകാശവും വ്യക്തിയുടെ സ്വകാര്യതയും പരമമല്ലെന്ന് ചന്ദ്രചൂഢ് പറഞ്ഞു. എന്നിരുന്നാലും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതിനോട് അദ്ദേഹം യോജിച്ചു.

Leave a Reply

Your email address will not be published. Required fields are marked *