കൈക്കൂലി; ഡോക്ടർക്ക് തടവും പിഴയും

കൊല്ലം : പ്രസവ ശസ്ത്രക്രിയ നടത്തുന്നതിനു 2000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ ഡോക്ടർക്ക് 3 വർഷം തടവും 50,000 രൂപ പിഴയും. കടയ്ക്കൽ ഗവ. ആശുപത്രിയിൽ ജൂനിയർ ഗൈനക്കോളജിസ്റ്റ് ആയിരുന്ന ഡോ. റിനു അനസ് റാവുത്തറിനെ ആണ് തിരുവനന്തപുരം എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷൽ ജഡ്ജ് എം.ബി.സ്നേഹലത ശിക്ഷിച്ചത്. ഡോ. റിനു ഇപ്പോൾ ഇടുക്കി നെടുങ്കണ്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുകയാണ്.

ചിതറ സ്വദേശിയായ പരാതിക്കാരനും ഭാര്യയും വിചാരണ വേളയിൽ കൂറുമാറിയിരുന്നു. നോട്ടിൽ പുരട്ടിയിരുന്ന ഫിനോഫ്തലിൻ പൊടിയുടെ അംശം ഡോക്ടറുടെ കയ്യിൽ കാണപ്പെട്ടില്ല. പരാതിക്കാരനും ഭാര്യയും കൂറുമാറുന്നതിനു മുൻപു സിആർപിസി 164 പ്രകാരം കോടതിയിൽ നൽകിയ മൊഴിയും വിജിലൻസ് സംഘത്തോടൊപ്പം ഉണ്ടായിരുന്ന ഗസറ്റഡ് ഓഫിസർമാരുടെ മൊഴികളും കോടതിയിൽ നിർണായകമായി. 2011 ഡിസംബർ രണ്ടിനാണു ഡോ. റിനു വിജിലൻസിന്റെ പിടിയിലായത്. പരാതിക്കാരന്റെ ഭാര്യയെ നവംബർ 28ന് കടയ്ക്കൽ ആശുപത്രിയിൽ പ്രസവത്തിനു പ്രവേശിപ്പിച്ചെങ്കിലും കൈക്കൂലി നൽകാത്തതിനാൽ ശസ്ത്രക്രിയ നീട്ടിക്കൊണ്ടു പോകുന്നതായി കാണിച്ചാണു പരാതി നൽകിയത്. വിജിലൻസിന്റെ നിർദേശപ്രകാരമാണു ഫിനോഫ്തലിൻ പൊടി പുരട്ടിയ 2000 രൂപ പരാതിക്കാരൻ ഡോക്ടർക്കു നൽകിയത്.

വിജിലൻസ് ഡിവൈഎസ്പി ആയിരുന്ന റെക്സ് ബോബി അർവിന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഡിവൈഎസ്പിക്കു സ്ഥലം മാറ്റം ഉണ്ടായി. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് ഇപ്പോൾ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ദക്ഷിണ മേഖല എസ്പി ആർ.ജയശങ്കർ ആണ്.

 

Leave a Reply

Your email address will not be published. Required fields are marked *