രതീഷിന്‍റേത് ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്ന ഭിന്നശേഷിക്കാരനായ എൻജിനീയറിങ് വിദ്യാർഥിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ ഒന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥി രതീഷ് കുമാറിനെ കോളജിലെ ശുചിമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. എന്നാല്‍ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

രതീഷ് കുമാറിന്റെ മൃതദേഹത്തില്‍ ബലപ്രയോഗം നടന്നതിന്റെ പാടുകളോ കൊലപാതക സാധ്യത സാധൂകരിക്കുന്ന അടയാളങ്ങളോ ഇല്ലെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. കൂടാതെ മൃതദേഹം കണ്ടെത്തിയ ശുമുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിന് 48 മണിക്കൂര്‍ പഴക്കമുണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് മരണം ആത്മഹത്യയാണെന്ന സ്ഥിരീകരണത്തിലേക്ക് പൊലീസ് എത്തുന്നത്.

രതീഷിന് നെയ്യാറ്റിൻകര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്നെന്നും അവരാണ് മരണത്തിന് പിന്നിലെന്നുമുള്ള ബന്ധുക്കളുടെയും സുഹൃത്തുകളുടെയും ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകും. വെള്ളിയാഴ്ച്ച തന്നെ പരാതി നൽകിയിട്ടും പൊലീസ് അന്വേഷണം വൈകിപ്പിച്ചെന്നാണ് സഹപാഠികളുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *