മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ടി.എൻ. ശേഷൻ അന്തരിച്ചു

ചെന്നൈ: മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ടി.എൻ. ശേഷൻ (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നു ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 1990 ‍ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു. രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ തിരഞ്ഞെടുപ്പു കമ്മിഷണറെന്ന നിലയിൽ മലയാളികളുടെ അഭിമാനമാണ് ടി.എൻ.ശേഷൻ. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്ന ഒരു സംവിധാനമുണ്ടെന്ന് ഇന്ത്യയിലെ സാമാന്യജനം അറിഞ്ഞത് ടി.എൻ. ശേഷൻ അതിന്റെ തലപ്പത്ത് എത്തിയപ്പോഴായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ജനപ്രതിധി തിരഞ്ഞെടുപ്പുനടത്തിപ്പുകാരന്റെ ചുമതലയും അധികാരവുമെന്തെന്ന് അദ്ദേഹം രാജ്യത്തെ ബോധ്യപ്പെടുത്തി.

പാലക്കാട് തിരുനെല്ലായി ഗ്രാമത്തിൽ 1933 മേയ് 15നായിരുന്നു ജനനം. പിതാവ് പ്രഗത്ഭ അഭിഭാഷകനായിരുന്ന നാരായണ അയ്യർ. അമ്മ സീതാലക്ഷ്മി. എസ്എസ്‍എൽസി, ഇന്റർമീഡിയറ്റ്, ഡിഗ്രി, സിവിൽസർവീസ് പരീക്ഷകളിലെല്ലാം ഒന്നാംറാങ്കുകാരൻ എന്ന അത്യപൂർവ ബഹുമതിക്ക് ഉടമയായ ശേഷൻ 1955 –ൽ ഐഎഎസ് നേടി. തമിഴ്നാട് കേഡർ ചോദിച്ചുവാങ്ങിയ അദ്ദേഹം 1956–ൽ കോയമ്പത്തൂർ അസിസ്റ്റന്റ് കലക്ടറായി ഔദ്യോഗികജീവിതം ആരംഭിച്ചു. ശേഷന്റെ പ്രാഗത്ഭ്യം പരിഗണിച്ച് പരിശീലനം കഴിയുന്നതിനു മുമ്പുതന്നെ സബ്കലക്ടറായി പ്രമോഷൻ ലഭിച്ചു. തമിഴ്നാട് ഗ്രാമവികസന വകുപ്പിൽ അണ്ടർസെക്രട്ടറിയായും മധുരയിൽ കലക്ടറായും പ്രവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *