ജനുവരി 8 ന് ദേശീയ പണിമുടക്ക്

കൊച്ചി : തൊഴിൽ ചട്ട പരിഷ്കരണങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപന നീക്കത്തിലും പ്രതിഷേധിച്ചു വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ജനുവരി 8 നു ദേശീയ പണിമുടക്കു നടത്തുമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ. അതിനു മുന്നോടിയായി ഡിസംബർ അവസാന വാരം ഐഎൻടിയുസി, സിഐടിയു, എഐടിയുസി നേതാക്കൾ നയിക്കുന്ന 3 മേഖലാ ജാഥകൾ സംസ്ഥാനത്തു സംഘടിപ്പിക്കും.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. എന്തു ചെയ്യണമെന്നു കേന്ദ്ര സർക്കാരിനു പോലും അറിയാത്ത സ്ഥിതിയാണ്. 9 ലക്ഷം കോടി രൂപയുടെ ആസ്തിമൂല്യമുള്ള ബിപിസിഎലിനെ ഒരു ലക്ഷം കോടി രൂപ കിട്ടിയാൽ വിൽക്കാമെന്ന കേന്ദ്ര നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഐഎൻടിയുസിയുടെ ഭരണഘടനയും നിയമാവലികളും മറികടന്ന് ഒരു ജില്ലാ കമ്മിറ്റിയെയും മാറ്റാൻ കഴിയില്ല. എറണാകുളം ജില്ലാ പ്രസിഡന്റായി പി.എം.ഉമ്മറിനെ നിയമിക്കണമെന്ന നിർദേശം നടപ്പാക്കാൻ കഴിയുമോയെന്നു മാത്രമാണു ദേശീയ പ്രസിഡന്റ് ജി.സജ്ജീവറെഡ്ഡി ചോദിച്ചത്. അല്ലാതെ, അദ്ദേഹം ആരെയും നിയമിച്ചിട്ടില്ല. അതിനുള്ള അധികാരം സംസ്ഥാന പ്രസിഡന്റിനാണെന്ന് അദ്ദേഹത്തിന് അറിയാം.

സംസ്ഥാനത്തു സംഘടനാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിൽ ആ നിർദേശം പരിഗണിക്കാൻ കഴിയില്ലെന്നു താൻ ദേശീയ അധ്യക്ഷനെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇല്ലാത്ത അധികാരം ഉപയോഗിച്ചു പുതിയ ജില്ലാ കമ്മിറ്റിയെ മാധ്യമ സമ്മേളനത്തിൽ പ്രഖ്യാപിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകും. കേന്ദ്ര നേതൃത്വത്തിനു റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *