ലോട്ടറി വില്‍പന നടത്തുന്ന 71 കാരിയെ കബളിപ്പിച്ച് യുവാവ് മുങ്ങി

കൊച്ചി: ലോട്ടറി വില്‍പന നടത്തുന്ന 71 കാരിയെ കബളിപ്പിച്ച് 20 ലോട്ടറികളുമായി ബൈക്കിലെത്തിയ യുവാവ് മുങ്ങി. പാതാളം ഇ.എസ്.ഐ ആശുപത്രിയ്ക്ക് സമീപം താമസിയ്ക്കുന്ന കാര്‍ത്തുവിനെ കബളിപ്പിച്ചാണ് ലോട്ടറി തട്ടിയെടുത്തത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മുപ്പത്തടം ധന്യ ഏജന്‍സിയില്‍ നിന്നാണ് കാര്‍ത്തു ലോട്ടറി എടുക്കുന്നത്. ലോട്ടറിയുമായി പാതാളം ഭാഗത്തേയ്ക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് കാര്‍ത്തുവില്‍ നിന്ന് 20 ലോട്ടറികള്‍ വാങ്ങി. അതിനുള്ള പണമായി 2,000 രൂപയാണ് നല്‍കിയത്. എന്നാല്‍ അതിന് ബാക്കി തുക നല്‍കാന്‍ കാര്‍ത്തുവിന്റെ കൈയ്യില്‍ ചില്ലറയില്ലായിരുന്നു.

ഇത് കണ്ട യുവാവ് ടിക്കറ്റ് മടക്കി കൊടുത്ത ശേഷം പണം തിരികെ വാങ്ങി ബൈക്കില്‍ കയറി പോയി. എന്നാല്‍ യുവാവ് തിരിച്ച് കൊടുത്ത ലോട്ടറികള്‍ പരിശോധിച്ചപ്പോഴാണ് അത് പഴയതാണെന്ന് മനസ്സിലായത്. ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ട വിവരം പറയാന്‍ ധന്യ ഏജന്‍സിയിലെത്തിയപ്പോഴാണ് നഷ്ടപ്പെട്ട ടിക്കറ്റിനൊന്നിന് 5,000 രൂപ സമ്മാനമുണ്ടായിരുന്ന വിവരമറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *