മുത്തൂറ്റ് സമരം അവസാനിച്ചു

കൊച്ചി: ശമ്പള വർധനയാവശ്യപ്പെട്ട് മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിൽ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നടത്തിവന്ന സമരം ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പായി. തൊഴിലാളി യൂണിയൻ സമരം അവസാനിപ്പിച്ചതായി സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം അറിയിച്ചു.

നേരത്തെ പിരിച്ചുവിട്ട 8 ജീവനക്കാരെ തിരിച്ചെടുക്കും. 41 ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിക്കും. എന്നാൽ ഇവർക്കെതിരായ അച്ചടക്ക നടപടികൾ തുടരുമെന്നു മുത്തൂറ്റ് ഫിനാൻസ് പ്രതിനിധികൾ അറിയിച്ചു. ശമ്പള പരിഷ്കരണം ചർച്ച ചെയ്തു നടപ്പിലാക്കും, താൽക്കാലികമായി 500 രൂപയുടെ ശമ്പള വർധന അനുവദിക്കും എന്നിവയാണു ഉഭയകക്ഷി ചർച്ചയിലെ മറ്റു ധാരണകൾ. ഇതു സംബന്ധിച്ച ധാരണാ പത്രം തൊഴിലാളി യൂണിയനും മാനേജ്മെന്റും സംയുക്തമായി തയാറാക്കിയിട്ടുണ്ട്.

മുത്തൂറ്റ് ഫിനാൻസ് എച്ച്ആർ മേധാവി സി.വി.ജോൺ, ചീഫ് വിജിലൻസ് ഓഫിസർ തോമസ് ജോൺ, ലീഗൽ ഓഫിസർ ലിജു എം. ചാക്കോ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി, നേതാക്കളായ കെ.ചന്ദ്രൻപിള്ള, കെ.എൻ.ഗോപിനാഥ് എന്നിവരാണു ചർച്ചയിൽ പങ്കെടുത്തത്. തൊഴിൽമന്ത്രി ടി.പി.രാമകൃഷ്ണൻ വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ചകൾ നേരത്തെ പരാജയപ്പെട്ട സാഹചര്യത്തിലാണു ഹൈക്കോടതി ഇടപെട്ടത്. 52 ദിവസം നീണ്ട സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ഇടപെട്ടിരുന്നു. ഉഭയകക്ഷി ചർച്ചയുടെ തീരുമാനങ്ങളും ഒത്തുതീർപ്പു വ്യവസ്ഥകളും ഹൈക്കോടതിയെ അറിയിക്കും.

വാർഷിക ഇൻക്രിമെന്റ് 2019 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെ കൊടുത്തു തീർക്കാനും 2018 – 2019 ലെ വാർഷിക ബോണസ് ഉടൻ വിതരണം ചെയ്യാനും തീരുമാനമായതായി സിഐടിയു പ്രതിനിധികൾ അറിയിച്ചു. ജീവനക്കാരുടെ ആവശ്യങ്ങളിൽ ഒത്തുതീർപ്പായ സാഹചര്യത്തിൽ ഇന്നു(11) മുതൽ അനിശ്ചിത കാല പണിമുടക്കു പിൻവലിക്കുകയാണെന്നും യൂണിയൻ പ്രതിനിധികൾ പറഞ്ഞു. പണിമുടക്ക് പിൻവലിച്ച സാഹചര്യത്തിൽ കേരളത്തിലെ 611 മുത്തൂറ്റ് ശാഖകളും വെള്ളിയാഴ്ച മുതൽ തുറന്നു പ്രവർത്തിക്കുമെന്നു മാനേജ്മെന്റ് പ്രതിനിധികളും ഉറപ്പു നൽകി.

ഹൈക്കോടതി നിരീക്ഷകൻ ലിജി വടക്കേടം , തൊഴിൽവകുപ്പ് അഡീ. ലേബർ കമ്മിഷണർമാരായ ബിച്ചു ബാലൻ, കെ. ശ്രീലാൽ, രഞ്ജിത് പി. മനോഹർ, മേഖലാ കമ്മിഷണർ ആർ.ഹരികുമാർ എന്നിവരും അനുരഞ്ജന ചർച്ചയിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *