കനത്ത മഴ: യുപിയിൽ 4 ദിവസത്തിനിടെ 73 മരണം

ലക്നൗ∙ ഉത്തര്‍പ്രദേശിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിൽ നാലു ദിവസത്തിനിടെ മരിച്ചത് 73 പേർ. കിഴക്കൻ ഉത്തർപ്രദേശിൽ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ തീവ്രമായോ, അതി തീവ്രമായോ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. ബിഹാറില്‍ കനത്ത മഴയെ തുടർന്ന് പട്ന നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. നഗരത്തിൽ ഗതാഗത തടസ്സവും ഉണ്ടായി.

പട്നയിലും ബിഹാറിന്റെ മറ്റു ഭാഗങ്ങളിലും മഴ തുടരുന്നതിനാൽ ഞായറാഴ്ച രാവിലെ പലയിടത്തും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ട്രെയിനുകൾ റദ്ദാക്കി. ബിഹാർ മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സാഹചര്യം വിലയിരുത്തി. ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും മഴ തുടരുകയാണ്. ഇവിടങ്ങളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച റെക്കോർ‍ഡ് മഴയാണ് ഉത്തർപ്രദേശിൽ പെയ്തത്. സാധാരണയിലും 1700 മടങ്ങ് അധികം. സംസ്ഥാനത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലാണ് കൂടുതൽ ദുരിതം ഉണ്ടായത്.

ശനിയാഴ്ച പ്രയാഗ്‍രാജിൽ 102.2 എംഎം, വാരാണസിയിൽ 84.2 എംഎം മഴയാണു ലഭിച്ചത്. സാധാരണയായി ഇക്കാലയളവിൽ ലഭിക്കുന്ന മഴയെക്കാൾ ഏറെ കൂടുതലാണ് ഇത്. ശനിയാഴ്ച യുപിയിൽ 26 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ 47 പേർ മരിച്ചു. കനത്ത മഴയെ തുടർന്ന് ലക്നൗ, അമേഠി, ഹര്‍ദോയ് തുടങ്ങി പല ജില്ലകളിലും വെള്ളി, ശനി ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിച്ചിരുന്നില്ല. ദുരിത ബാധിതർക്ക് അടിയന്തര സഹായം നൽകാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിവിഷനൽ കമ്മീഷണർമാർക്കും ജില്ലാ മജിസ്ട്രേറ്റുമാർക്കും നിര്‍ദേശം നൽകി. മരിച്ചവരുടെ കുടുംബങ്ങൾക്കു 4 ലക്ഷം രൂപ വീതം നല്‍കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *