വിക്രം ലാൻഡറിൽ നിന്ന് എന്തെങ്കിലും പ്രതികരണം തേടാമെന്ന അവസാന പ്രതീക്ഷയും അസ്തമിച്ചു

തിരുവനന്തപുരം:ചന്ദ്രനിൽ വിക്രം ലാൻഡർ എത്തിയ പകൽ ഇന്നലെ അവസാനിച്ചു. ഇന്നലെ മുതൽ ഇരുട്ടു പരന്നു. ഇനി ഭൂമിയിലെ പതിനാല് ദിനങ്ങൾ അവിടെ രാത്രിയായിരിക്കും. താപനില മൈനസ് 180 ഡിഗ്രിയിലേക്ക് താഴും. അതോടെ വിക്രം ലാൻഡറിൽ നിന്ന് എന്തെങ്കിലും പ്രതികരണം തേടാമെന്ന അവസാന പ്രതീക്ഷയും അസ്തമിച്ചു. ചന്ദ്രനിലെ തണുത്തുറഞ്ഞ ദക്ഷിണധ്രുവത്തിൽ വിക്രം ലാൻഡറും അതിനുള്ളിലെ പ്രജ്ഞാൻ റോവറും ഉപേക്ഷിക്കേണ്ടിവരും. അതേ സമയം ലാൻഡറിനെ ചന്ദ്രനിലെത്തിച്ച ഒാർബിറ്റർ വലിയ വിജയത്തോടെ ഏഴരവർഷം ചന്ദ്രഭ്രമണത്തിൽ തുടരും. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിലെ നിർണ്ണായക മുന്നേറ്റമായാണ് ജൂലായ് 22ന് ചന്ദ്രയാൻ 2 പറന്നുയർന്നത്. സെപ്തംബർ ആദ്യം ചന്ദ്രയാൻ 2 ചന്ദ്രന്റെ ആകാശത്തിലെത്തി. ഇതിൽ നിന്ന് വേർപെട്ട ലാൻഡർ സെപ്തംബർ 7 ന് പുലർച്ചെ ഒന്നരയോടെ ചന്ദ്രനിൽ പതുക്കെ ഇറങ്ങാൻ ശ്രമിക്കുമ്പോൾ അവസാന മിനിറ്റിൽ നിയന്ത്രണം തെറ്റി ചന്ദ്രോപരിതലത്തിൽ പതിച്ചു. വാർത്താവിനിമയവും നഷ്ടപ്പെട്ടു. അതോടെ ലാൻഡറിലെ സോളാർപാനലുകൾ വിടർത്താനും നിർദ്ദേശങ്ങൾ നൽകാനും കഴിയാതായി. ഒാർബിറ്റർ മുഖേന ലാൻഡറിന് കമാൻഡുകൾ നൽകാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ലാൻഡറിലെ ബാറ്ററികളിലെ വൈദ്യുതി തീർന്നതോടെ സോളാർപാനലുകൾ ഉൗർജ്ജം ആയിരുന്നു ഏക പ്രതീക്ഷ. ചന്ദ്രനിൽ പകലൊടുങ്ങിയതോടെ ആ പ്രതീക്ഷയും ഇല്ലാതായി. രാത്രി തുടങ്ങിയതോടെ ലാൻഡറിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ കടുത്ത തണുപ്പിൽ ഉപയോഗശൂന്യമാകും.

രണ്ടുതരത്തിലുള്ള വാർത്താവിനിമയ സംവിധാനമാണ് ലാൻഡറിലുള്ളത്. അതിശക്തമായ എക്സ് ബാൻഡും ഇടത്തരം ശേഷിയുള്ള എസ്. ബാൻഡും. എസ്. ബാൻഡ് ഭൂമിയുടെ നേർക്ക് വരുമ്പോൾ മാത്രമാണ് പ്രവർത്തിക്കുക. എക്സ് ബാൻഡ് ഒാർബിറ്റർ മുഖേന പൂർണസമയവും പ്രവർത്തിക്കും. ചന്ദ്രനിൽ രാത്രി തുടങ്ങിയതോടെ ഇതൊന്നും ഇനി ഒരിക്കലും പ്രവർത്തിക്കില്ല. ഒാർബിറ്റർ പകർത്തിയ ഐ.ആർ.ഇമേജും ഒപ്റ്റിക്കൽ ഇമേജും സോളാർ പാനലുകൾ വിടർത്താനാവാത്ത നിലയിൽ ലാൻഡർ ചരിഞ്ഞു കിടക്കുന്നതായാണ് കണ്ടെത്തിയത്. എന്നാൽ ലാൻഡറിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തന സജ്ജമാണെന്ന് ഐ.ആർ.ഇമേജ് വ്യക്തമാക്കിയിരുന്നു. താപനിലയിലെ വ്യത്യാസമനുസരിച്ച് ചിത്രങ്ങളിൽ നിറവ്യത്യാസം കാണിക്കുന്നതാണ് ഐ.ആർ. ഇമേജ്. ചന്ദ്രനിൽ ഇന്നലെ തണുപ്പ് മൈനസ് 130 ഡിഗ്രിയിലെത്തി. വരും ദിവസങ്ങളിൽ ഇത് മൈനസ് 180 ലേക്ക് പതിക്കും. അതോടെ ലാൻഡറിനെ പറ്റിയുള്ള എല്ലാ പ്രതീക്ഷകളും അവസാനിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *