കനകക്കുന്നിൽ ഇന്ന് (സെപ്റ്റംബർ 14)

കനകക്കുന്നിൽ ഇന്ന് (സെപ്റ്റംബർ 14)

കനകക്കുന്നിലെ ഉത്സവവേദികൾ ഇന്ന് (സെപ്റ്റംബർ 14) നാടൻകലകളാൽ നിറച്ചാർത്തണിയും. പ്രധാന വേദിയായ നിശാഗന്ധിയിൽ വൈകിട്ട് 5.45ന് സുനിതാ റാണി അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറും. 6.30ന് ശൈലജ അബു അവതരിപ്പിക്കുന്ന നവോത്ഥാന ഗാനങ്ങളും നാടൻ പാട്ടുകളും നടക്കും. തുടർന്ന് 7.15ന് ലെനിൽ രാജേന്ദ്രൻ സ്മരണയിൽ രാത്രിമഴ എന്ന പേരിൽ സംഗീതവിരുന്നും ദേശീയ അവാർഡ് ജേതാക്കളായ മധു ഗോപിനാഥ്-വക്കം സജീവ് എന്നിവർ അവതരിപ്പിക്കുന്ന നൃത്തവിരുന്നുമുണ്ടാകും.

തിരുവരങ്ങിൽ വൈകിട്ട് ആറിന് പന്മന അരവിന്ദാക്ഷൻ അവതരിപ്പിക്കുന്ന പുള്ളുവൻപാട്ടുണ്ടാകും. 6.30ന് നിണബലിയും 7.30ന് ദൃശ്യ ഗോപിനാഥ് അവതരിപ്പിക്കുന്ന പറയൻ തുള്ളലും ആസ്വദിക്കാം.

സോപാനത്തിൽ വൈകിട്ട് ആറുമുതൽ പാഠകം അരങ്ങേറും. 6.30ന് വാണിയക്കോലം, പരുന്താട്ടം എന്നിവയും തുടർന്ന് 7.30ന് പൊറാട്ടുനാടകവും നടക്കും. സംഗീതികയിൽ വൈകിട്ട് അഞ്ചിന് ശരണ്യ ബി. മംഗൽ അവതരിപ്പിക്കുന്ന വീണ വായനയും ആറുമുതൽ കെ.ആർ ശ്യാം, കെ.പി.എ.സി ചന്ദ്രശേഖരൻ എന്നിവർ അവതരിപ്പിക്കുന്ന വായ്പ്പാട്ടും വേദിയെ വ്യത്യസ്തമാക്കും.

വാദ്യമേള ആസ്വാദകർക്ക് വൈകിട്ട് അഞ്ച് മുതൽ കനകക്കുന്ന് കവാടത്തിൽ ചെണ്ടമേളവും നടക്കും.

ഗാനമേള ആസ്വദിക്കാം(സെപ്റ്റംബർ 14)

ഗാനമേള ആസ്വദകരെ ഇനിപറയുന്ന വേദികൾ കാത്തിരിക്കുകയാണ്. കനകക്കുന്ന് സൂര്യകാന്തിയിൽ വൈകിട്ട് ഏഴുമുതൽ പിന്നണി ഗായകൻ കെ.വി ഹർഷൻ അവതരിപ്പിക്കുന്ന ഗാനമേളയുണ്ടാകും. പൂജപ്പുര മൈതാനത്തിൽ വൈകിട്ട് ഏഴുമുതൽ നയാഗ്രാ ഇവന്റ്സ് അവതരിപ്പിക്കുന്ന ഗീത് മാലയും കോട്ടയ്ക്കകം ശ്രീ ചിത്തിര തിരുനാൾ പാർക്കിൽ വൈകിട്ട് ഏഴുമുതൽ ട്രിവാൻഡ്രം സൗണ്ട് ഓഫ് മ്യൂസിക് അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും. നഗരത്തിനു പുറത്ത് വേളി ടൂറിസ്റ്റ് വില്ലേജ്, ആക്കുളം എന്നിവിടങ്ങളിൽ വൈകിട്ട് ആറുമുതലും നെടുമങ്ങാട്, നെയ്യാറ്റിൻകര, ഗ്രീൻഫീൽഡ് സ്റ്റേഡിയം അങ്കണം എന്നിവിടങ്ങളിൽ വൈകിട്ട് ഏഴുമുതലും ഗാനമേള നടക്കും.

ഭാരത് ഭവനിൽ ശാസ്ത്രീയ നൃത്തം

തൈക്കാട് ഭാരത് ഭവനിൽ ഇന്ന് (സെപ്റ്റംബർ 14) വൈകിട്ട് ആറുമുതൽ വിവിധ ശാസ്ത്രീയ നൃത്ത പരിപാടികൾ അരങ്ങേറും. 6.15ന് അശ്വതി ബി. നായർ അവതരിപ്പിക്കുന്ന മോഹിനിയാട്ടം, 7.10ന് എസ്. മഹാലക്ഷ്മി അവതരിപ്പിക്കുന്ന ഭരതനാട്യം, എട്ടിന് ബിന്ദു ലക്ഷ്മി അവതരിപ്പിക്കുന്ന ഭരതനൃത്തം ഡ്യൂയറ്റും നടക്കും.

ചാക്യാർകൂത്തും കഥകളിയും

ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (സെപ്റ്റംബർ 14) വൈകിട്ട് നാലിന് കിഴക്കേകോട്ട തീർത്ഥപാദ മണ്ഡപത്തിൽ മാർഗി സജീവ് നാരായണൻ ചാക്യാരും സംഘവും അവതരിപ്പിക്കുന്ന ചാക്യാർകൂത്ത് നടക്കും. തുടർന്ന് ആറിന് നളചരിതം കഥകളിയും അരങ്ങേറും. കലാമണ്ഡലം കലാകാരന്മാരായ ബാലസുബ്രഹ്മണ്യൻ, മുകുന്ദൻ, ആദിത്യൻ, ബാബു നമ്പൂതിരി, ബാലസുന്ദരൻ, അച്യുതവാര്യർ, കലാനിലയം കൃഷ്ണകുമാർ, കലാനിലയം രാകേഷ്, മാർഗി രവീന്ദ്രൻ നായർ, മാർഗി വിജയകുമാർ എന്നിവരാണ് അഭിനേതാക്കൾ. അയ്യങ്കാളി ഹാളിൽ (വി.ജെ.റ്റി ഹാൾ) വൈകിട്ട് 6.30 മുതൽ തിരുവനന്തപുരം സ്വദേശാഭിമാനിയുടെ നമ്മളിൽ ഒരാൾ എന്ന നാടകവും നടക്കും.

കഥയരങ്ങും കവിയരങ്ങും

അയ്യങ്കാളി ഹാളിൽ (വി.ജെ.റ്റി ഹാൾ) ഇന്ന് (സെപ്റ്റംബർ 14) ഉച്ചതിരിഞ്ഞ് രണ്ടിന് പ്രശസ്ത കവികളുടെ കവിതകൾ ഉൾക്കൊള്ളിച്ച കാവ്യവേദി അരങ്ങേറും. മൂന്നിന് കെ.വി മോഹൻ കുമാർ, കരിക്കകം ശ്രീകണ്ഠൻ, സുദീപ് ടി. ജോർജ്, സജനി എസ്, പി.കെ സുധി, ബൃന്ദ, കെ.വി മണികണ്ഠൻ, തലയിൽ മനോഹരൻ നായർ, പി.എസ് ചന്ദ്രമോഹൻ, സുധീർ പരമേശ്വരൻ, ജ്യോതിബാസു കീഴാറൂർ, എം. കെ. രാജേന്ദ്രൻ, വട്ടപ്പാറ സന്തോഷ് എന്നിവർ നയിക്കുന്ന കഥയരങ്ങും തുടർന്ന് 4.30ന് റഫീക്ക് അഹമ്മദ്, പി. രാമൻ, അനിതാ തമ്പി, അസീം താന്നിമൂട്, ബാബു പാക്കനാർ, മഞ്ജു വെള്ളായണി തുടങ്ങിയവർ നയിക്കുന്ന കവിയരങ്ങും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *