ജയിലിൽ കസേരയോ തലയിണയോ ഇല്ല: ചിദംബരം

ന്യൂഡൽഹി: തിഹാർ ജയിലിൽ കസേരയോ തലയിണയോ അനുവദിക്കാത്തതിനാൽ നടുവേദന ഉണ്ടാകുന്നുവെന്നു മുൻ കേന്ദ്രമന്ത്രി പി.ചിദംബരം. ഐഎൻഎക്സ് മീഡിയ കേസിൽ ഈ മാസം അഞ്ചിനാണു ചിദംബരത്തെ ജയിലിലാക്കിയത്. 74 വയസ്സുള്ള തനിക്ക് ആരോഗ്യ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു അഭിഭാഷകർ മുഖേന ചിദംബരം ഡൽഹി കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണു ജയിൽ ജീവിതത്തെക്കുറിച്ചു പരാമർശിച്ചത്.

‘ജയിൽ മുറിക്കു പുറത്തു കസേരകൾ ഉണ്ടായിരുന്നു. പകൽ സമയത്ത് അവിടെ ഇരിക്കാറുമുണ്ട്. താൻ ഉപയോഗിക്കുന്നതു കൊണ്ടാകണം മൂന്നു ദിവസം മുമ്പ് കസേരകൾ അപ്രത്യക്ഷമായി. വാർഡനു പോലും ഇപ്പോൾ കസേരയില്ല. കുറച്ചു ദിവസങ്ങളായി തലയിണയും ലഭിക്കുന്നില്ല.’– ചിദംബരത്തിന്റെ അഭിഭാഷകരും കോൺഗ്രസ് നേതാക്കളുമായ കപിൽ സിബലും അഭിഷേക് മനു സിങ്‌വിയും കോടതിയോടു പറഞ്ഞു.

ചെറിയ പ്രശ്നമാണിതെന്നും ഒച്ചപ്പാടുണ്ടാക്കേണ്ട കാര്യമില്ലെന്നും കേന്ദ്ര സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അഭിപ്രായപ്പെട്ടു. അതത്ര നല്ല കസേരയായിരുന്നില്ല. തുടക്കം മുത‍ൽ ചിദംബരത്തിന്റെ മുറിയിൽ കസേരയില്ലായിരുന്നെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. ഒക്ടോബർ മൂന്നു വരെ ചിദംബരത്തിന്റെ കസ്റ്റഡി നീട്ടിയ കോടതി, അദ്ദേഹത്തിന്റെ ആവശ്യങ്ങളായ ആരോഗ്യ പരിശോധന, തലയിണ, കസേര എന്നിവ അനുവദിക്കാനും നിർദേശിച്ചു

Leave a Reply

Your email address will not be published. Required fields are marked *