യു.പിയില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു തേര് തെളിക്കാന്‍ പ്രിയങ്ക
ന്യൂഡല്‍ഹി: യു.പിയില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു തേര് തെളിക്കാന്‍ ഇന്ന് പ്രിയങ്ക എത്തും. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും രാഹുലിനും സോണിയയ്ക്കും വേണ്ടി പ്രചാരണത്തിന് പ്രിയങ്ക ഉണ്ടായിരുന്നെങ്കിലും ഈ വരവ് കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി എന്ന നിലയ്ക്കാണ് എന്നത് ഏറെ ശ്രദ്ധേയം.
ജ്യേഷ്ഠന് രാഹുല്‍ ഗാന്ധിക്കും പടിഞ്ഞാറന്‍ യു.പിയുടെ ചുതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമൊപ്പമാണ് പ്രിയങ്കാ ഗാന്ധി യു.പിയില്‍ എത്തുന്നത്. മഹാത്മാ ഗാന്ധിയുടെയും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും പ്രതിമകളില്‍ പുഷ്പഹാരാര്പ്പണത്തിനു ശേഷമായിരിക്കും നെഹ്രു ഭവനില്‍, തനിക്കായി ഒരുക്കിയ മുറിയിലേക്ക് പ്രിയങ്കയുടെ പ്രവേശനം.
വിമാനത്താവളം മുതല്‍ ലക്നൗവിലെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ആയ നെഹ്രു ഭവന് വരെ തുറന്ന വാഹനത്തില്‍ റോഡ് ഷോയും പന്ത്രണ്ടു കിലോമീറ്റര്‍ ദൂരത്തെ റോഡ് ഷോയ്ക്കിടെ മുപ്പത്തിയഞ്ചോളം കേന്ദ്രങ്ങളില്‍ സ്വീകരണവും പ്രവര്‍ത്തകര്‍ പ്രിയങ്കയ്ക്കായി ഒരുക്കിയിട്ടുണ്ട്.
വഴിനീളെ രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രം പതിച്ച ബാനറുകള്‍ സജീവം. നാലു ദിവസമാണ് പ്രിയങ്ക ലക്നൗവില്‍ ഉണ്ടാവുക. നാളെ മുതല്‍ വ്യാഴാഴ്ച വരെ പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും പാര്‍ട്ടി ഓഫീസില്‍ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തും. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും എം.പിമാരും മറ്റും ഇരുവരുമായും സംവദിക്കും.സംസ്ഥാന ഓഫീസില്‍ പുതിയ മീഡിയ റൂം പ്രിയങ്ക ഉദ്ഘാടനം ചെയ്യും. ബി.എസ്.പിയും എസ്.പിയും സഖ്യമുണ്ടാക്കിയതോടെ ലോക്സഭാ തിരഞ്ഞെടുപ്പ് ഒറ്റയ്ക്കു നേരിടേണ്ടിവരുന്ന കോണ്‍ഗ്രസിന് പ്രിയങ്കയുടെ വരവ് ഊര്‍ജ്ജം പകരുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഉന്നാവയില്‍ നിന്നായിരിക്കും പ്രിയങ്കയുടെ പ്രചാരണത്തിന് തുടക്കമാവുന്നത്.