കൊക്കയാറിൽ നിന്ന് 6 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
ഇടുക്കി : ഇടുക്കി ജില്ലയിലെ കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ആറുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഷാജി ചിറയില്‍ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന് അമീന് സിയാദ് (7), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്സാന് ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
അംന, അഫ്സാന്, അഹിയാന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിലായിരുന്നു കണ്ടെത്തിയത്. മണിമലയാറ്റില്‍ നിന്നാണ് ഷാജി ചിറയിലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഇടുക്കി ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മഴ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴുവയസ്സുകാരന് സച്ചു ഷാഹുലിനായി തിരച്ചില്‍ തുടരുന്നു. ഒഴുക്കില്‍പെട്ട് കാണാതായ ആന്‍സി സാബുവിന്റെ മൃതദേഹവും ഇതുവരെ കിട്ടിയിട്ടില്ല.