കല്‍ക്കരിപ്പാടം അഴിമതി: എച്ച്.സി.ഗുപ്തയ്ക്കു മൂന്നു വര്‍ഷം തടവ്
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി എച്ച്.സി.ഗുപ്തയ്ക്കു മൂന്നു വര്‍ഷം തടവ്.
പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്. ഉന്നത ഉദ്യോഗസ്ഥരായിരുന്ന കെ.എസ്.ക്രോഭ, കെ.സി.സാംറിയ എന്നിവര്‍ക്കും മൂന്നുവര്‍ഷം തടവു ശിക്ഷ വിധിച്ചിട്ടുണ്ട്. മൂന്നുപേര്‍ക്കും അന്‍പതിനായിരം രൂപ വീതം പിഴയും വിധിച്ചു. ശിക്ഷ നാലു വര്‍ഷത്തില്‍ താഴെയായതിനാല്‍ ഇവര്‍ക്ക് സോപാധിക ജാമ്യം അനുവദിച്ചു.
വികാസ് മെറ്റല്‍സ് ആന്‍ഡ് പവര്‍ ലിമിറ്റഡ് (വിഎംപിഎല്) എംഡി വികാസ് പട്നി, ആനന്ദ് മാലിക് എന്നിവര്‍ക്ക് നാലു വര്‍ഷം തടവും വിധിച്ചു. പട്നിക്ക് 25 ലക്ഷവും മാലിക്കിന് രണ്ടു ലക്ഷവും പിഴയുമുണ്ട്. കൂടാതെ കമ്പിനി ഒരു ലക്ഷം രൂപ പിഴയൊടുക്കണം.