സ്റ്റോക്ക് കുറവ്; 5 ജില്ലകളില്‍ മെഗാ വാക്സീനേഷന്‍ മുടങ്ങും

തിരുവനന്തപുരം: കേരളത്തില്‍ മിക്ക ജില്ലകളിലും ഇന്ന് മെഗാ വാക്സീനേഷന്‍ മുടങ്ങും. കൊവിഷീല്‍ഡ് വാക്സീന്റെ സ്റ്റോക്ക് കുറഞ്ഞതാണ് കാരണം. ഇതോടെ വാക്സീനേഷന്‍ ക്യാംപുകള്‍ തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. ഇന്ന് അടുത്ത ബാച്ച്‌ വാക്സീന്‍ എത്തിയാല്‍ മാത്രമേ നാളെ വീണ്ടും ക്യാംപുകള്‍ പുനരാരംഭിക്കാന്‍ കഴിയൂ. തിരുവനന്തപുരമടക്കം അഞ്ച് ജില്ലകളില്‍ കൊവീഷീല്‍ഡ് വാക്സീന്‍ സ്റ്റോക്ക് തീര്‍ന്നു. രണ്ട് ലക്ഷം ഡോസ് കൊവാക്സിന്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിച്ചിരുന്നു. എന്നാലും തുടര്‍ലഭ്യത സംബന്ധിച്ച്‌ വ്യക്തത ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് മാസ് വാക്സീനേഷന്‍ തത്കാലം വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിലും ഗ്രാമീണ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളിലും ചൊവ്വാഴ്ച തന്നെ വാക്സീനേഷന്‍ തടസപ്പെട്ടിരുന്നു. എറണാകുളത്ത് കൊവിഷീല്‍ഡ് വാക്സീന്റെ സ്റ്റോക് തീര്‍ന്നു.

എന്നാല്‍ കൊവാക്സീന്റെ 28000 ഡോസ് ഇവിടെയുണ്ട്. ഇതുപയോഗിച്ച്‌ രണ്ട് ദിവസം കൂടി വാക്സീനേഷന്‍ നടത്താനാവുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. അതുകൊണ്ട് മാസ് വാക്സീനേഷന്‍ മുടങ്ങാതിരിക്കാന്‍ കൊവാക്സീന്‍ ഉപയോഗിക്കാനാണ് തീരുമാനം. അടുത്ത ബാച്ച്‌ 20 ന് മുന്‍പ് ലഭിക്കുമെന്നാണ് കരുതുന്നതെന്നും എറണാകുളത്തെ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *