ആധാർ: കേന്ദ്ര തീരുമാനം വൈകരുതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച വിഷയത്തിൽ എത്രയും പെട്ടെന്നു തീരുമാനമുണ്ടാകണമെന്നു സുപ്രീംകോടതി. സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ട് ആരംഭിക്കാൻ ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ വേണമെന്നു വ്യവസ്ഥ ചെയ്യണമെന്നാവശ്യപ്പെട്ട് 3 ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന് ഫെയ്സ്ബുക്ക് ഹർജി നൽകിയിരുന്നു. ഇതിന്മേൽ കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് സുപ്രീം കോടതി ഓഗസ്റ്റ് 20നു നോട്ടിസ് നൽകി. ഗൂഗിൾ, ട്വിറ്റർ, യുട്യൂബ് എന്നിവയ്ക്കും നോട്ടിസ് നൽകിയിരുന്നു. സെപ്റ്റംബർ 13നകം മറുപടി നൽകണമെന്നായിരുന്നു ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.

നിലവിലെ സാഹചര്യത്തിൽ സുപ്രീംകോടതിയാണോ ഹൈക്കോടതിയാണോ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നു ഹർജി പരിഗണിക്കവെ ദീപക് ഗുപ്തയും ജസ്റ്റിസ് അനിരുദ്ധ ബോസും പറഞ്ഞു. നിലവിൽ കേസിന്റെ തെറ്റും ശരികളിലേക്കും പോകുന്നില്ല. മദ്രാസ്, മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികളിൽ നിലവിലുള്ള കേസുകള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന ഫെയ്സ്ബുക്കിന്റെ ഹർജി മാത്രമാണു പരിഗണനയിലുള്ളത്. വിഷയത്തിൽ എത്രയും പെട്ടെന്നു തീരുമാനമെടുക്കേണ്ടതുണ്ട്.

ആധാറും സമൂഹമാധ്യമങ്ങളും ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സെപ്റ്റംബർ 24നു പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള മാർഗനിര്‍ദേശങ്ങള്‍ക്കു രൂപം നൽകുന്നുണ്ടെങ്കിൽ കേന്ദ്രത്തിനു സമയം അനുവദിക്കാമെന്നും കോടതി അറിയിച്ചു. സുപ്രീംകോടതിയിലേക്കു കേസ് മാറ്റുന്നതു സംബന്ധിച്ചു കേന്ദ്രത്തിനു തടസ്സവാദങ്ങളൊന്നുമില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *