ഏതു സാഹചര്യവും നേരിടാൻ സജ്ജം: ഇന്ത്യ

ന്യൂഡൽഹി : പാക്കിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയെന്ന വാർത്തയ്ക്കു പിന്നാലെ മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാന്റെ ലക്ഷ്യം പ്രകോപനം മാത്രമാണെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു. ഏതു സാഹചര്യവും നേരിടാൻ ഇന്ത്യ തയാറാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാക്കിസ്ഥാൻ നേതാക്കളുടെ നിരുത്തരവാദപരമായ പ്രതികരണങ്ങൾ അപലപനീയമാണ്. മിസൈൽ പരീക്ഷണത്തെക്കുറിച്ചു ധരിപ്പിച്ചിട്ടുണ്ടെങ്കിലും വ്യോമപാത അടയ്ക്കുന്നതു സംബന്ധിച്ച് അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നും രവീഷ് കുമാർ പറഞ്ഞു.

പാകിസ്ഥാൻ ഭരണകൂടം ഭീകരത അവരുടെ നയമായി സ്വീകരിച്ചിട്ടുള്ളതാണെന്ന് ഇന്ത്യയ്ക്കു ബോധ്യമുണ്ട്. ഓരോ തവണയും നമ്മുടെ ആശങ്ക അവരെ അറിയിച്ചിട്ടുമുണ്ട്. ഭീകരർ നുഴഞ്ഞുകയറാൻ പാകിസ്ഥാൻ സഹായിക്കുന്നുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ട്. ഒരു സാധാരണ അയൽക്കാരനെ പോലെ പാക്കിസ്ഥാൻ പ്രവർത്തിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.  സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ അവർ പോരാടണം. അല്ലാതെ അയൽരാജ്യത്തേക്ക് ഭീകരരെ തള്ളിവിടുകയല്ല ചെയ്യേണ്ടത്.– രവീഷ് കുമാർ പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും ഹരിയാൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെയും പേര് പരാമർശിച്ച് പാക്കിസ്ഥാൻ മനുഷ്യാവകാശ മന്ത്രി ഷിറീൻ മസാരി ഐക്യരാഷ്ട്ര സംഘടനയ്ക്ക് എഴുതിയ കത്തിന് അതെഴുതിയ കടലാസിന്റെ വില പോലുമില്ലെന്നും രവീഷ് കുമാർ പറഞ്ഞു. അതിനെ കുറിച്ച് കൂടുതൽ പ്രതികരിച്ച് കത്തിനു വിശ്വാസ്യത നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *