ഗ്രേസ് 1 ല്‍ പിടിമുറുക്കി അമേരിക്ക; കപ്പല്‍ പിടിച്ചെടുക്കാന്‍ അറസ്റ്റ് വാറന്റ്

വാഷിങ്ടണ്‍: ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ ബ്രിട്ടന്‍ പിടിച്ചെടുത്ത ഗ്രേസ് 1 കപ്പലില്‍ പിടിമുറുക്കി അമേരിക്ക. ഇറാന്റെ എണ്ണക്കപ്പല്‍ ഗ്രേസ് 1 പിടിച്ചെടുക്കാന്‍ അമേരിക്കന്‍ നീതി വകുപ്പ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. വാഷിങ്ടണ്ണിലെ അമേരിക്കന്‍ ഫെഡറല്‍ കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കപ്പല്‍ വിട്ട് നല്‍കാന്‍ ജിബ്രാള്‍ട്ടര്‍ കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് അമേരിക്കയുടെ നടപടി.

ടാങ്കറും അതിലുള്ള എണ്ണയും പിടിച്ചെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൂടാതെ ഇറാനിയന്‍ കമ്പനിയായ പാരഡൈസ് ഗ്ലോബല്‍ ട്രേഡിങ്ങിന്റെ പേരില്‍ അമേരിക്കയില്‍ നിക്ഷേപിച്ചിട്ടുള്ള 995,000 ഡോളര്‍ മരവിപ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കപ്പലും, കമ്പനിയും അന്താരാഷ്ട്ര സാമ്പത്തിക നിയമങ്ങള്‍ ലംഘിച്ചെന്നും കോടതി പറഞ്ഞു. ചരക്കു നീക്കത്തിന്റെ മറവില്‍ കോടിക്കണക്കിന് ഡോളറിന്റെ കള്ളപ്പണമാണ് വെളുപ്പിച്ചതെന്നും കക്ഷികള്‍ക്ക് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡുമായി അടുത്ത ബന്ധമുണ്ടെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.

ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണകടത്തുന്നു എന്നാരോപിച്ചാണ് ബ്രിട്ടണ്‍ ഗ്രേസ് 1 കപ്പല്‍ പിടിച്ചെടുത്തത്. കപ്പലില്‍ മൂന്ന് മലയാളികളുള്‍പ്പടെ 24 ഇന്ത്യക്കാരാണുണ്ടായിരുന്നത്. കപ്പലില്‍ അകപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിച്ചിരുന്നു. ഇറാന്‍ കപ്പലിലെ ജീവനക്കാരുടെ വിസ നിരോധിക്കുമെന്ന് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കപ്പല്‍ പിടിച്ചെടുക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ കോടതി ഉത്തരവിട്ടത്

Leave a Reply

Your email address will not be published. Required fields are marked *