സംസ്ഥാനത്ത് കനത്ത മഴ, നാശനഷ്ടം; സൈലന്റ്‌വാലി അടച്ചു; പമ്പയാറും അച്ചൻകോവിലാറും കരകവിയുന്നു

പത്തനംതിട്ട:  സംസ്ഥാനത്തെങ്ങും കനത്ത മഴ. അ‍ഞ്ചു ജില്ലകളില്‍ കനത്ത നാശനഷ്ടവും ദുരിതവും വിതച്ച് കനത്ത മഴ തുടരുന്നു. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിൽ വെള്ളപ്പൊക്കമാണ്. ഇടുക്കിയിൽ മൂന്നിടത്തും കണ്ണൂരിൽ രണ്ടിടത്തും ഉരുള്‍പൊട്ടി. വയനാട് ചൂരമലയിലും മലപ്പുറം കരുളായിയിലും ഉരുൾപൊട്ടി. മൂന്നാറും മാങ്കുളവും മറയൂരും ഒറ്റപ്പെട്ടു. മുക്കം, മാവൂർ, നിലമ്പൂർ, ഇരിട്ടി, മൂന്നാർ ടൗണുകൾ വെള്ളത്തിൽ മുങ്ങി. നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും ദുരന്തപ്രതികരണസേനയെ അയയ്ക്കും. മഴ കനത്തതോടെ മലങ്കര, ഭൂതത്താൻകെട്ട്, കല്ലാർകുട്ടി അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും തുറന്നിട്ടുണ്ട്. മലങ്കര ഡാമിന്റെ 6 ഷട്ടറുകളും ഉയർത്തി. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതു കാരണം ഷട്ടറുകൾ ഘട്ടംഘട്ടമായി 50 സെമീ വരെ ഉയർത്തുന്നതായിരിക്കുമെന്ന് അറിയിച്ചു. നിലമ്പൂർ ടൗണും പരിസര പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി.

കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ട മൂന്നു വിമാനങ്ങൾ തിരിച്ചുവിട്ടു. ഒരു സർവീസ് റദ്ദാക്കി. പുലർച്ചെ 4.30ന് ഇറങ്ങേണ്ടിയിരുന്ന ബഹ്റൈൻ – കോഴിക്കോട് ഗൾഫ് എയർ വിമാനം കൊച്ചിയിലേക്കു തിരിച്ചുവിട്ടു. 6.30ന് കോഴിക്കോട്ടെത്തി 7ന് ബഹ്റൈനിലേക്കു പോയി. പുലർച്ചെ 4.45ന് ഇറങ്ങേണ്ടിയിരുന്ന അബുദാബി – കോഴിക്കോട് എത്തിഹാദ് വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. 9.15ന് തിരികെ കോഴിക്കോട്ടെത്തി. ഈ വിമാനത്തിന്റെ കോഴിക്കോട് – അബുദാബി സർവീസ് റദ്ദാക്കി. നാളെ പുലർച്ചെ അബുദബിയിലേക്ക് തിരിക്കും. 10.55ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരം – കോഴിക്കോട് – ദോഹ വിമാനം കൊച്ചിയിലേക്കു വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *