ജമ്മു കശ്മീർ : പ്രത്യേക പദവി റദ്ദാക്കൽ ബില്ലുകൾ രാജ്യസഭ പാസാക്കി

ന്യൂഡൽഹി : ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കൽ പ്രമേയം, കശ്മീർ പുനഃസംഘടനാ ബിൽ എന്നിവ രാജ്യസഭ പാസാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇരുബില്ലുകളും സഭയിൽ അവതരിപ്പിച്ചത്. ശബ്ദവോട്ടോടെയാണ് പദവി റദ്ദാക്കൽ പ്രമേയം പാസാക്കിയത്.

പ്രതിപക്ഷം അവതരിപ്പിച്ച എതിർപ്രമേയം ഉപരാഷ്ട്രപതി തള്ളി. അംഗങ്ങൾ‌ക്ക് സ്ലിപ് നൽകിയാണ് പുനഃസംഘടനാ ബില്ലിൽ വോട്ടെടുപ്പ് നടത്തിയത്. 125 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 61 പേർ എതിർത്തു. കശ്മീരിനു പ്രത്യേക പദവി നൽകുന്ന. ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കി രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാകും.

ജമ്മു കശ്മീരിനെ കശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. ഇതിൽ കശ്മീർ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്കിൽ നിയമസഭ ഉണ്ടാവില്ല. നേരിട്ട് കേന്ദ്രത്തിനു കീഴിലായിരിക്കും. ഇതിന് അംഗീകാരം തേടി അവതരിപ്പിച്ച പുനഃസംഘടനാ ബില്ലാണ് പാസാക്കിയത്. ജമ്മു കശ്മീരിന്റെ കേന്ദ്രഭരണപ്രദേശ പദവി സ്ഥിരമായിരിക്കില്ലെന്ന്  അമിത് ഷാ. ക്രമസമാധാന നില മെച്ചപ്പെട്ടാൽ ജമ്മു കശ്മീര്‍ പഴയതുപോലെ സംസ്ഥാനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിനുശേഷമായിരുന്നു തിങ്കളാഴ്ച രാവിലെ സർക്കാരിന്റെ നിർണായക നീക്കം.

Leave a Reply

Your email address will not be published. Required fields are marked *