ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലെ പൊലീസ് സെല്ലിലേക്ക്മാറ്റി

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പൊലീസ് സെല്ലിലേക്ക്മാറ്റി. വാഹനാപകടക്കേസില്‍ രണ്ടാഴ്ചത്തേക്ക് ശ്രീറാമിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നുവെങ്കിലും കിംസ് ആശുപത്രിയിലെ പഞ്ചനക്ഷത്ര മുറിയില്‍ പിതാവിനൊപ്പം തുടരാന്‍ ശ്രീറാമിന് അവസരമൊരുക്കിയത് പൊതുസമൂഹത്തില്‍ നിന്നും വലിയ വിമര്‍ശനത്തിന് ഇടനല്‍കിയിരുന്നു.

ആശുപത്രിക്ക് മുന്നില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധമറിയിക്കുകയും അപകടത്തില്‍ മരണപ്പെട്ട ബഷീറിന്‍റെ കുടുംബം ഇതിനെതിരെ രംഗത്തു വരികയും ചെയ്തതോടെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇടപെടലുണ്ടായി. ഇതോടെ മ്യൂസിയം പൊലീസ് കിംസ് ആശുപത്രിയിലെത്തി ശ്രീറാമിനെ മെഡി.കോളേജിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു കൊണ്ട് നോട്ടീസ് നല്‍കി.

ശ്രീറാമിനെ മജിസ്ട്രേറ്റിന്‍റെ വീടിന് മുന്നിലെത്തിച്ച പൊലീസ് അദ്ദേഹത്തിന്‍റെ മെഡിക്കല്‍ രേഖകളും കേസുമായി ബന്ധപ്പെട്ട ഫയലുകളും മജിസ്ട്രേറ്റിനെ കാണിച്ചു. രേഖകള്‍ പരിശോധിച്ച ശേഷം ആംബുലന്‍സില്‍ കയറി ശ്രീറാമിനെ നേരില്‍ കണ്ട മജിസ്ട്രേറ്റ് അദ്ദേഹത്തെ പൂജപ്പുര ജയിലിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദേശിച്ചു. ജയിലിലെത്തിച്ച ശ്രീറാമിനെ ആശുപത്രിയിലേക്ക് മാറ്റണോ എന്ന കാര്യം സൂപ്രണ്ടിന് നിശ്ചയിക്കാമെന്നും ഇതുസംബന്ധിച്ച ഉത്തരവില്‍ മജിസ്ട്രേറ്റ് രേഖപ്പെടുത്തി.

ഇതോടെ പൊലീസ് ശ്രീറാമിനേയും വഹിച്ചുള്ള ആംബുലന്‍സുമായി പൂജപ്പുര ജയിലില്‍  എത്തി. ഇവിടെ വച്ച് പ്രാഥമിക നടപടികള്‍ക്ക് ശേഷം ശ്രീറാമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പൊലീസ് സെല്ലിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

ഏറെ വിവാദങ്ങൾക്കൊടുവിലാണ് സ്വകാര്യ ആശുപത്രിയിലെ സുഖ സൗകര്യങ്ങളിൽ കഴിഞ്ഞിരുന്ന ശ്രീറാം വെങ്കിട്ടരാമനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ പൊലീസ് തയ്യാറായത്. മാസ്ക് ധരിപ്പിച്ച് സ്ട്രച്ചറിൽ കിടത്തി ആംബുലൻസിൽ കയറ്റിയാണ് ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് മജിസ്ട്രേറ്റിന്‍റെ വീട്ടിലെത്തിച്ചത്. മെഡിക്കൽ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചാണ് മജിസ്ട്രേറ്റ് സ്വകാര്യ ആശുപത്രി വാസം ആവശ്യമില്ലെന്ന നിലപാടിലേക്ക് എത്തിയത് .

Leave a Reply

Your email address will not be published. Required fields are marked *