ഭേദഗതി നിർദ്ദേശങ്ങൾ വോട്ടിനിട്ട് തള്ളി; രാജ്യസഭ മെഡിക്കൽ ബിൽ പാസാക്കി

ന്യൂഡൽഹി:  മെഡിക്കൽ പിജി കോഴ്സുകളിലേക്ക് എംബിബിഎസ് അവസാന വർഷ പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം അനുവദിക്കുന്ന ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) ബിൽ രാജ്യസഭയും പാസാക്കി. രാജ്യസഭയിൽ 51 പേർ ബില്ലിനെ എതിർത്തപ്പോൾ 101 പേർ പിന്തുണച്ചു. സ്വകാര്യ മെഡിക്കൽ കോളജുകളിലെ അൻപതു ശതമാനം സീറ്റിലേക്കുളള ഫീസിന് മാനദണ്ഡം കേന്ദ്രം നിശ്ചയിക്കുമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.

ബിൽ നിയമമാകുന്നതോടെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ(എംസിഐ) ഇല്ലാതാകും. പകരം 25 അംഗ ദേശീയ മെഡിക്കൽ കമ്മിഷനാകും നിലവിൽ വരിക. ഈ കമ്മിഷനാകും മെഡിക്കൽ രംഗത്തെ എല്ലാ വിഷയങ്ങളുടെയും അന്തിമ അതോറിറ്റി.

ഡോക്ടർമാർക്കും എംബിബിഎസ് വിദ്യാർഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ബില്ലാണിതെന്ന് രാജ്യസഭയിൽ ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ പറഞ്ഞു. ആരോഗ്യമേഖലയിൽ മോദി സർക്കാർ നടപ്പാക്കുന്ന വലിയ പരിഷ്കാരമാണിതെന്നും മന്ത്രി വിശദീകരിച്ചു. നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ വലിയ പരിഷ്കാരമെന്നാകും ഇതിനെ ചരിത്രം  രേഖപ്പെടുത്തുകയെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കമ്മിഷന്‍ അംഗങ്ങളുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ബില്ലിലെ മുപ്പത്തിയേഴാം അനുച്ഛേദത്തിലാണ് ഇതിനായി ഭേദഗതി വരുത്തുക. ഈ ഭേദഗതി ഉള്‍പ്പെടുത്തി ബില്ലിന് ലോക്സഭ വീണ്ടും അംഗീകാരം നല്‍കണം. ഇതിനു ശേഷമാകും രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ബിൽ സമർപ്പിക്കുക. എന്നാല്‍ ബില്ലിലെ ഏറെ വിവാദമായ വ്യവസ്ഥകള്‍ക്കെതിരായ ഭേദഗതി നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് തള്ളി.

പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്പ്പിനും മിഡ് ലെവൽ ഹെൽത്ത് വർക്കർ എന്ന പേരിൽ ഡോക്ടർമാരല്ലാത്ത വിദഗ്ധർക്കും നിയന്ത്രിത ലൈസൻസ് നൽകാൻ ബില്ലിൽ വ്യവസ്ഥയുണ്ട്.

ബില്ലിനെതിരെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ സമരത്തിലാണ്. ആയുഷ് വിഭാഗത്തിൽപ്പെടുന്ന ബിരുദധാരികൾക്ക് ബ്രിജ് കോഴ്സ് പൂർത്തിയാക്കിയാൽ നിശ്ചിതതലം വരെ ആധുനികവൈദ്യം പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകുന്നതിനെതിരെയാണ് പ്രതിഷേധം. ബിൽ പാസാക്കിയ സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ(ഐഎംഎ) തീരുമാനം. ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിലുള്ള സമരമാണ് നടത്തുക. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച അർധരാത്രി മുതൽ എല്ലാ മെഡിക്കൽ കോളജുകളിലും രണ്ടു വിദ്യാർഥികൾ വീതം നിരാഹാരസമരം ആരംഭിക്കും. തുടർ സമരപരിപാടികൾ യോഗം ചേർന്നു തീരുമാനിക്കുമെന്നും ഐഎംഎ വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *