കർണാടക സ്പീക്കർ കെ ആർ രമേശ്കുമാർ രാജിവച്ചു

കര്‍ണാടക: കർണാടക സ്പീക്കർ കെ ആർ രമേശ്കുമാർ രാജിവച്ചു. വിശ്വാസവോട്ട് നേടി ബി എസ് യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലേറിയതോടെയാണ് സ്പീക്കര്‍ രാജിവെച്ചത്. സ്വമേധയാ സ്ഥാനം ഒഴിയുന്നുവെന്ന് രമേശ് കുമാർ പറഞ്ഞു.

ഒറ്റവരി പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ചര്‍ച്ച വേണ്ടെന്ന നിലപാട് ഐക്യകണ്ഠേനയാണ് നിയമസഭ അംഗീകരിച്ചത്. ഒടുവിൽ ശബ്ദവോട്ടോടെ പ്രമേയം പാസായി. മുൻസർക്കാരിന്‍റെ ധനബില്ലും വോട്ട് ഓൺ അക്കൗണ്ടും പാസായി. പിന്നാലെയായിരുന്നു സ്പീക്കറുടെ രാജി പ്രഖ്യാപനം. സഭയുടെ അന്തസ്സ് കാക്കാനാണ് ശ്രമിച്ചതെന്ന് ആവർത്തിച്ചും കൂറുമാറ്റ നിരോധനനിയമപ്രകാരം വിമതരെ അയോഗ്യരാക്കിയത് ഭരണഘടന അനുസരിച്ച് മാത്രമാണെന്ന് വ്യക്തമാക്കിയുമായിരുന്നു രമേശ് കുമാറിന്‍റെ വിടവാങ്ങൽ പ്രസംഗം.

പകപോക്കൽ രാഷ്ട്രീയം അജണ്ടയായിരിക്കില്ലെന്ന് യെദിയൂരപ്പ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *