പാലക്കാട് 40 കിലോ കഞ്ചാവും 40 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി

പാലക്കാട്: വാളയാറിൽ എക്സൈസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച 40 കിലോ കഞ്ചാവും പട്ടാമ്പിയിൽ 40 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. കഞ്ചാവ് കടത്താൻ ശ്രമിച്ചയാളുകൾ ഓടിരക്ഷപ്പെട്ടു. വാളയാർ ടോൾ പ്ലാസക്ക് സമീപം എക്സൈസിന്റെ സ്ഥിരം വാഹന പരിശോധനക്കിടെയാണ്  നാലുപേരുണ്ടായിരുന്ന കാർ നിർത്താതെ പാഞ്ഞുപോയത്.

തുടർന്ന് ഒരുസംഘം എക്സൈസ് ഉദ്യോഗസ്ഥർ കാറിനെ പിന്തുടർന്നു. ഇതോടെ, ദേശീയ പാതയിൽ നിന്ന് വഴിതിരിഞ്ഞ കാർ  മേനോൻപാറയ്ക്ക് സമീപം  പോക്കാൻ തോട്ടിൽ നാൽവർ സംഘം ഉപേക്ഷിക്കുകയായിരുന്നു.  തുടർന്ന് നടത്തിയ പരിശോധനയിലാണ് 40 കിലോ കഞ്ചാവ് കണ്ടെടുത്തത്.  കോയമ്പത്തൂരിൽ നിന്നുളള കഞ്ചാവാണിതെന്നാണ് സംശയം. മലപ്പുറം സ്വദേശിയുടെ പേരിലുളളതാണ് കാറെന്ന് എക്സൈസ് സംഘം സ്ഥിരീകരിച്ചു. ഇയാളെ കേന്ദ്രീകരിച്ച്, കഞ്ചാവ് കടത്തിയവരിലേക്കെത്താനുളള ശ്രമത്തിലാണ് എക്സൈസ് അധികൃതർ.

പട്ടാമ്പി കൊപ്പത്ത് 40 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ പൊലീസ് പിടികൂടിയത്. വലിയ ലോറിയിൽ നിന്ന് പിക് അപ് വാഹനങ്ങളിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസെത്തിയത്.

ലോറി ഡ്രൈവർ എടപ്പാൾ സ്വദേശി ഷൈജു, കൂടെയുണ്ടായിരുന്ന ധർമ്മപുരി സ്വദേശി പ്രവീൺ കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു. ബംഗലൂരുവിൽ നിന്നെത്തിയ ലോറിയിൽ 98 ചാക്കുകളിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. വടക്കൻ കേരളത്തിലേക്കുളളവയാണ് ലോഡെന്നാണ് പൊലീസ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *