തിരക്കഥ ആരുടേതായിരുന്നാലും മഹാഭാരതം നടക്കും: ഡോ. ബി.ആര്‍ ഷെട്ടി

തിരക്കഥ ആരുടേതെന്നത് തന്റെ വിഷയമല്ലെന്നും മഹാഭാരതം പോലുള്ള വലിയൊരു കഥ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും മഹാഭാരതം സിനിമയുടെ നിര്‍മ്മിതാവ് ഡോ.ബി.ആര്‍.ഷെട്ടി.


മഹാഭാരതം സിനിമയുടെ ചീത്രീകരണം വൈകുന്നതിനാല്‍ തിരക്കഥ തിരിച്ചുവാങ്ങുമെന്ന് എം.ടി.വാസുദേവന്‍ നായര്‍ പറഞ്ഞതിന് മറുപടിയായിട്ടാണ് ബി.ആര്‍.ഷെട്ടി ഇത് പറഞ്ഞത്. മഹാഭാരതം തിരക്കഥ എം.ടി. വാസുദേവന്‍ നായര്‍ തിരിച്ചു വാങ്ങുന്നതിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് പ്രതികരിച്ച ഡോ.ബി.ആര്‍.ഷെട്ടി, മഹാഭാഹതം കഥയുമായി മുന്നോട്ടുപോകുമെന്നും പ്രതികരിച്ചു. ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അത് തന്റെ കടമയായി കരുതുന്നതായും ഡോ.ബി.ആര്‍.ഷെട്ടി പറഞ്ഞു.

ആയിരം കോടിയിലേറെ രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കാനിരുന്ന സിനിമയാണ് മഹാഭാരതം. ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മലയാളവും ഹിന്ദിയും ഉള്‍പ്പെടെ പല ഭാഷകളില്‍ സിനിമ നിര്‍മ്മിക്കാനാണ് പദ്ധതി. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഇതുമായി മുന്നോട്ട് പോകുന്നുണ്ട്. ഇക്കാര്യത്തിലൊന്നും ഒരു മാറ്റവും ഇല്ല. തിരക്കഥയുടെ കാര്യത്തില്‍ എനിക്ക് പ്രത്യേകിച്ച് നിര്‍ബന്ധമൊന്നുമില്ലെന്നും ഡോ.ബി.ആര്‍.ഷെട്ടി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പ്രതികരിച്ചു.

മഹാഭാരതം എന്ന മഹത്തായ കൃതിയെ സിനിമയിലൂടെ വരും തലമുറക്ക് വേണ്ടി ചരിത്രമാക്കി ബാക്കിവെക്കണം എന്നതാണ് എന്റെ സ്വപ്നം. ആ സ്വപ്ന പദ്ധതിയില്‍ നിന്ന് മാറിയിട്ടില്ല. അത് യാഥാര്‍ത്ഥ്യമാക്കുക തന്നെ ചെയ്യും. ഇതുസംബന്ധിച്ച് ഇപ്പോള്‍ എം.ടി നടത്തിയ പ്രസ്താവനയെ കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *