സർവകലാശാലയുടെ ഉപയോഗിക്കാത്ത ഉത്തരക്കടലാസുകൾ പുറത്തുപോയ സംഭവം സിന്‍ഡിക്കറ്റ് ഉപസമിതി അന്വേഷിക്കും

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഉപയോഗിക്കാത്ത ഉത്തരക്കടലാസുകൾ പുറത്തു പോയ സംഭവം സിന്‍ഡിക്കറ്റ് ഉപസമിതി അന്വേഷിക്കും. പ്രൊഫ. കെ.ജി.ഗോപ്ചന്ദ്രൻ, ഡോ. കെ.ബി.മനോജ്, ഡോ. കെ.ലളിത എന്നിവരാണ് ഉപസമിതിയിലുളളത്. യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിപരുക്കേല്‍പ്പിച്ച പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നും ഉപയോഗിക്കാത്ത ഉത്തരകടലാസുകള്‍ പൊലീസ് പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് അന്വേഷണം.

രീക്ഷാ ദിവസങ്ങളിൽ ഉപയോഗിക്കുന്നതും ബാക്കിയായി സൂക്ഷിക്കുന്നതുമായ പരീക്ഷാ പേപ്പറിന്റെ വിവരങ്ങൾ അതതു ദിവസം തന്നെ സർവകലാശാലയ്ക്ക് നൽകുന്നതിന് സെന്ററുകൾക്ക് നിർദേശം നൽകും. സർവകലാശാല പരീക്ഷകൾക്ക് ബാർകോഡിങ് ഉള്ള ഉത്തരക്കടലാസുകൾ ഉപയോഗിക്കുന്നതിന് നടപടികൾ സ്വീകരിക്കാനും വ്യാഴാഴ്ച ചേർന്ന സിൻഡിക്കറ്റ് നിർദേശം നൽകി.

സര്‍വകലാശാലയില്‍ വിജിലൻസ് സെല്ല് രൂപീകരിക്കുന്നതിനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. എസ്പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ സേവനം ഉൾപ്പെടെ അനുവദിക്കുന്നതിനു സർക്കാരിനോട് ആവശ്യപ്പെടും. സർവകലാശാലയുടെ എല്ലാ പരീക്ഷാസെന്ററുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ഒരു ഇൻസ്പെക്ഷൻ വിങ് രൂപീകരിച്ച് സെന്ററുകളിൽ പരിശോധന നടത്തും. പരീക്ഷാ സാമഗ്രികളും ഉത്തരക്കടലാസും സൂക്ഷിക്കുന്ന സ്റ്റോർ റൂമുകളിൽ സിസിടിവി സ്ഥാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *