പ്രതിഷേധ പ്രകടനം : കെഎസ്‌യു വിദ്യാർഥികൾ മതിൽ‌ ചാടി സെക്രട്ടേറിയറ്റ് വളപ്പൽ കടന്നു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ എസ്എഫ്ഐ നേതാക്കൾ കുത്തിയതിനെ തുടർന്നുള്ള പ്രതിഷേധങ്ങൾ സെക്രട്ടേറിയറ്റിലേക്കും. സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയ കെഎസ്‌യു വിദ്യാർഥികൾ മതിൽ‌ ചാടിക്കടന്ന് സെക്രട്ടേറിയറ്റ് വളപ്പൽ കടന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നോർത്ത് ബ്ലോക്കിലേക്കുള്ള വാതിലിനു മുന്നിൽ പൊലീസ് ഇവരെ തടഞ്ഞു. ആൺകുട്ടികളെ പൊലീസ് നീക്കിയെങ്കിലും വനിതാ പൊലീസ് ഇല്ലാത്തതിനാൽ പെൺകുട്ടിയെ കസ്റ്റഡിയിൽ എടുക്കാനായില്ല. ഉള്ളിൽ കടക്കാതിരിക്കാനായി ഗ്രിൽസ് പൂട്ടിയതോടെ പെൺകുട്ടി പുറത്തു നിന്നു മുദ്രാവാക്യം മുഴക്കി. കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നു വനിതാ പൊലീസ് എത്തിയ ശേഷമാണ് പെൺകുട്ടിയെ നീക്കിയത്.

വനിത പൊലീസ് ഇല്ലാതിരുന്നതിനാൽ പ്രതിഷേധവുമായി എത്തിയ പെൺകുട്ടി മുഖ്യമന്ത്രിയുടെ ഓഫിസിനു മുന്നിലേക്ക് എത്തുകയായിരുന്നു. ഒപ്പമെത്തിയ മൂന്ന് ആൺകുട്ടികളെ പൊലീസ് തുടക്കത്തിൽതന്നെ തടഞ്ഞിരുന്നു. പെൺകുട്ടിയെ മഫ്തിയിലുള്ള വനിത പൊലീസ് പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അവർ നിലത്തുകിടന്ന് എതിർത്തു. കൂടുതൽ വനിതാ പൊലീസെത്തിയാണ് പെൺകുട്ടിയെ ഇവിടെനിന്നു മാറ്റിയത്. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ശിൽപയാണ് ശക്തമായ പ്രതിഷേധവുമായി ഇവിടെയെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *