ആലുവയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച

കൊച്ചി: ആലുവയില്‍ വീട്ടുകാര്‍ പുറത്തു പോയ സമയത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. സ്വര്‍ണവും വജ്രാഭരണവും, വിദേശ കറന്‍സികളുമടക്കം 30 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയതായി പരാതി. ആലുവ തോട്ടയ്ക്കാട്ടുകര കോണ്‍വെന്റിനു സമീപം താമസിക്കുന്ന ജോര്‍ജ് മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. 20 പവന്‍ സ്വര്‍ണം, 25 ലക്ഷത്തോളം വിലമതിക്കുന്ന വജ്രാഭരണങ്ങള്‍, വിദേശ കറന്‍സികള്‍ എന്നിവയാണ് മോഷണം പോയത്.

വീട്ടിലെ അലമാരിയ്ക്കുളളിലെ ലോക്കറിലായിരുന്നു സ്വര്‍ണവും വജ്രാഭരണവും, വിദേശ കറന്‍സികളും മറ്റും സൂക്ഷിച്ചിരുന്നത്. വീടിനുള്ളില്‍ കടന്ന മോഷ്ടാക്കള്‍ അലമാരി കുത്തിത്തറുന്നതിന് ശേഷം ലോക്കര്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. വിദേശത്തായിരുന്ന വീട്ടുകാര്‍ ഏതാനും ദിവസം മുമ്പാണ് നാട്ടില്‍ എത്തിയത്. സ്വര്‍ണവും മറ്റും ബാങ്ക് ലോക്കറിലായിരുന്നു സൂക്ഷിച്ചിരുന്നത്. നാട്ടിലെത്തിയ ശേഷമാണ് ഇവര്‍ ബാങ്ക് ലോക്കറില്‍ നിന്നും ഇവ എടുത്ത് വിട്ടിലെ അലമാരിയിലെ ലോക്കറില്‍ സൂക്ഷിച്ചത്.

ഇന്നലെ വൈകുന്നേരം ചെറിയ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എറണാകുളത്ത് പോയിരിക്കുകയായിരുന്നു. രാത്രിയില്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വൈകിട്ട് ആറരയ്ക്കും 11.30 നും ഇടയക്കാണ് മോഷണം നടന്നതെന്നാണ് വിലയിരുത്തല്‍. വീട്ടിലുണ്ടായിരുന്ന വളര്‍ത്തു നായയെ മയക്കികിടത്തിയ ശേഷം പിന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനുളളില്‍ കടന്ന് കവര്‍ച്ച നടത്തിയിരിക്കുന്നത്. പോലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *