സിംഗപ്പൂരിന്റെ ടൂറിസം ഭൂപടത്തില്‍ ഇന്ത്യക്ക് സുപ്രധാനമായ സ്ഥാനമാണുള്ളതെന്ന് സിങ്കപ്പൂര്‍ ടൂറിസം ബോര്‍ഡ്

തിരുവനന്തപുരം: സിംഗപ്പൂരിന്റെ ടൂറിസം ഭൂപടത്തില്‍ ഇന്ത്യക്ക് സുപ്രധാനമായ സ്ഥാനമാണുള്ളതെന്ന് സിങ്കപ്പൂര്‍ ടൂറിസം ബോര്‍ഡ് റീജ്യണല്‍ ഡയറക്ടര്‍ ജി ബി ശ്രീധര്‍. ടൂറിസം രംഗത്ത് സിംഗപ്പൂരിന്റെ പുതിയ ആകര്‍ഷണീയതകള്‍, ട്രേഡ് പ്രൊമോഷന്‍ ഓഫറുകള്‍ എന്നിവയെപ്പറ്റി വിശദീകരിക്കാന്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിന്ന് ടൂറിസറ്റുകളെ സിംഗപ്പൂരിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ഉള്‍പ്പെടെ എട്ട് നഗരങ്ങളില്‍ സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡ് പ്രചരണ പരിപാടികള്‍ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം, ഹൈദരാബാദ്, മധുര, കൊല്‍ക്കത്ത, രാജ്‌കോട്ട്, ഗുവാഹത്തി, നാഗ്പൂര്‍, ജലന്ധര്‍ എന്നീ എട്ട് നഗരങ്ങളെയാണ് എസ് ടി ബി ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്.

പോയ വര്‍ഷം 1.44 ദശലക്ഷം ഇന്ത്യന്‍ ടൂറിസ്റ്റുകളാണ് സിംഗപ്പൂര്‍ സന്ദര്‍ശിച്ചത്. തുടര്‍ച്ചയായി നാലാമത് വര്‍ഷമാണ് ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം ദശലക്ഷം മാര്‍ക്ക് മറികടക്കുന്നത്. കൂടാതെ ക്രൂയിസ് ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ നിലവിലുള്ള ഒന്നാം സ്ഥാനത്തും വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തും ഇന്ത്യ തുടരുകയാണെന്ന് ശ്രീധര്‍ അറിയിച്ചു.

ഹോട്ടലുകള്‍, വിമാനക്കമ്പനികള്‍, റിസോര്‍ട്ടുകള്‍, ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്പനികള്‍, ക്രൂയിസുകള്‍ തുടങ്ങി ഈ രംഗത്തെ നാല്പത്തഞ്ചോളം സ്റ്റെയ്ക്‌ഹോള്‍ഡര്‍മാര്‍ റോഡ് ഷോകളുടെ ഭാഗമാണ്. വര്‍ഷാരംഭം മുതലേ എസ് ടി ബി ആവിഷ്‌കരിച്ചുപോരുന്ന ആകര്‍ഷകമായ ടൂറിസം പ്രൊമോഷന്‍ പദ്ധതികളുടെ തുടര്‍ച്ചയാണ് രാജ്യത്തെ എട്ട് വന്‍കിട, ഇടത്തരം നഗരങ്ങളിലൂടെയുള്ള ട്രാവല്‍ ട്രേഡും.

‘വളരുന്ന ബന്ധങ്ങള്‍, ഒരുമയുടെ നേട്ടങ്ങള്‍ ‘എന്നതാണ് റോഡ് ഷോയുടെ പ്രമേയം. നിലവിലുള്ള സ്റ്റെയ്ക്‌ഹോള്‍ഡര്‍മാരുമായി ബന്ധം ശക്തമാക്കും. പ്രാദേശികതലത്തില്‍ പുതിയ കൂട്ടുകെട്ടുകള്‍ രൂപപ്പെടുത്തും. ടൂറിസം രംഗത്ത് സിംഗപ്പൂരിന്റെ പുതിയ ആകര്‍ഷണീയതകള്‍, ട്രേഡ് പ്രൊമോഷന്‍ ഓഫറുകള്‍ എന്നിവയെപ്പറ്റി വിശദീകരിക്കും. പാഷന്‍ ടൂറുകള്‍, ജ്യുവല്‍ ചാങ്കി എയര്‍പോര്‍ട്ട്, റെയിന്‍ ഫോറസ്റ്റ് ലൂമിന തുടങ്ങി നിരവധി പുതിയ ആകര്‍ഷണങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. പ്രസിദ്ധമായ സിംഗപ്പൂര്‍ ഭക്ഷ്യമേള, ജൂലായ് മാസത്തെ ഗ്രേറ്റ് സിംഗപ്പൂര്‍ സെയില്‍, സെപ്റ്റംബറിലെ പ്രശസ്തമായ ഗ്രാന്‍ഡ് പ്രി സീസണ്‍, നവംബറിലെ ശ്രദ്ധേയമായ ദീപാവലി ആഘോഷങ്ങള്‍ എന്നിവയും ട്രാവല്‍ ട്രേഡില്‍ അവതരിപ്പിക്കും.

സന്ദര്‍ശകരുടെ എണ്ണത്തില്‍ മൂന്നാമത്തെ വലിയ വിപണി എന്ന സ്ഥാനം പോയ വര്‍ഷവും ഇന്ത്യ നിലനിര്‍ത്തി. ഇന്ത്യയിലെയും സിംഗപ്പൂരിലെയും വ്യവസായ പങ്കാളികളുമായി കൂടുതല്‍ മെച്ചപ്പെട്ട ബന്ധം വളര്‍ത്തിയെടുക്കാനാണ് ഞങ്ങളുടെ ശ്രമം. വളര്‍ച്ചയുടെ ഗതിവേഗം കൂട്ടണം. ഒപ്പം വ്യത്യസ്ത അഭിരുചികളുമായി എത്തുന്ന ടൂറിസ്റ്റുകളെയെല്ലാം തൃപ്തിപ്പെടുത്തുന്ന സിംഗപ്പൂര്‍ എക്‌സ്പീരിയന്‍സ് കൂടുതല്‍പേര്‍ക്ക് അനുഭവവേദ്യമാകണം’ – അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്കായി സ്‌കൂട്ടും സില്‍ക്ക് എയറും സിംഗപ്പൂര്‍ എയര്‍ലൈന്‍സും വാഗ്ദാനം ചെയ്യുന്ന പ്രത്യേക നിരക്കുകള്‍ റോഡ് ഷോയില്‍ അവതരിപ്പിക്കും. ജൂലൈ 8 മുതല്‍ 31 വരെയാണ് നിരക്കുകള്‍ ബാധകമാവുന്നത്. എയര്‍ ലൈനുകളുടെ വെബ്സൈറ്റുകള്‍ വഴി നേരിട്ടോ മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണെന്നും ശ്രീധര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *