അസമിൽ പേമാരി: 6 മരണം

ഗുവാഹത്തി:  കാലവർഷപ്പേമാരിയിൽ ആടിയുലഞ്ഞ് വടക്കുകിഴക്കൻ സംസ്ഥാനമായ അസം. സംസ്ഥാനത്തെ 27ൽ 21 ജില്ലകളെയും വെള്ളപ്പൊക്കം ബാധിച്ചു. എട്ടു ലക്ഷം ജനങ്ങൾ മഴദുരിതത്തിലാണ്. ഇതുവരെ ആറുപേർ മരിച്ചതായി അധികൃതർ അറിയിച്ചു. റോഡുകളിൽ വെള്ളം കയറിയതിനാൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. ലോകത്തിലെ വലിയ നദികളിലൊന്നായ ബ്രഹ്പുത്ര ഉൾപ്പെടെ ആറു നദികളിൽ അപകടരേഖയ്ക്കു മുകളിലാണ് ജലനിരപ്പ്. ഇതാണു സ്ഥിതി സങ്കീർണമാക്കുന്നത്.

ഈയാഴ്ച കൂടുതൽ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ പ്രവചനമുള്ളതിനാൽ അസമിൽ കടത്ത് സർവീസുകൾ നിർത്തിവച്ചു. ഇതോടെ ജനം വീടുകളിൽ കുടുങ്ങി. 27,000 ഹെക്ടറിലധികം കൃഷിഭൂമി വെള്ളത്തിനടിയിലായി. ഏഴായിരത്തിലധികം പേരെ രക്ഷിച്ച് 68 ദുരിതാശ്വാസ ക്യാംപുകളിലെത്തിച്ചു.

വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങൾ വസിക്കുന്ന അപ്പർ അസമിലെ കാസിരംഗ ദേശീയ ഉദ്യാനവും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഉദ്യാനത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ ഗതാഗതത്തിനു നിയന്ത്രണമേർപ്പെടുത്തി. മൃഗങ്ങൾ പ്രാണരക്ഷാർഥം റോഡ് മുറിച്ചുകടക്കുന്നതിനാൽ വാഹനങ്ങൾ വേഗം കുറച്ചേ പോകാവൂ എന്നു നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *