ഇംഗ്ലണ്ട് ഫെെനലില്‍: ഇംഗ്ലണ്ട് – ന്യൂസീലൻഡ് ഫൈനല്‍ ഞായറാഴ്ച

ബര്‍മിംഗ്ഹാം: ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ കെട്ടുകെട്ടിച്ച് ആതിഥേയരായ ഇംഗ്ലണ്ട് ഫെെനലില്‍. ഓസീസ് ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് അനായാസം എട്ട് വിക്കറ്റിന്‍റെ വിജയമാണ് സ്വന്തമാക്കിയത്.

ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബെയര്‍സ്റ്റോയും പാറ പോലെ ഉറച്ച് നിന്നപ്പോള്‍ 124 റണ്‍സ് സഖ്യം ആദ്യ വിക്കറ്റില്‍ തന്നെ ഇംഗ്ലണ്ട് സ്വന്തമാക്കി. 65 പന്തിൽ ഒൻപതു ബൗണ്ടറിയും അഞ്ചു സിക്സും സഹിതം 85 റൺസെടുത്ത റോയിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. അംപയറിന്റെ തെറ്റായ തീരുമാനത്തിൽ പുറത്തായ റോയിക്ക് അർഹിച്ച സെഞ്ചുറിയാണ് നഷ്ടമായത്. ബെയർസ്റ്റോ 43 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 34 റൺസെടുത്തു. തുടർച്ചയായ മൂന്നാം മൽസരത്തിലും ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടു തീർത്ത ഇരുവരും 124 റൺസടിച്ചാണ് പിരിഞ്ഞത്. ഇവർ പുറത്തായശേഷമെത്തിയ ജോ റൂട്ട്, ക്യാപ്റ്റൻ ഒയിൻ മോർഗൻ എന്നിവർ ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു. റൂട്ട് 46 പന്തിൽ എട്ടു ബൗണ്ടറി സഹിതം 49 റൺസോടെയും മോർഗൻ 39 പന്തിൽ എട്ടു ബൗണ്ടറി സഹിതം 45 റൺസോടെയും പുറത്താകാതെ നിന്നു. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും 79 റൺസാണ് കൂട്ടിച്ചേർത്തത്.

ഞായറാഴ്ച ലോഡ്സിൽ നടക്കുന്ന ഫൈനലിൽ, ഇന്ത്യയെ തോൽപ്പിച്ചെത്തുന്ന ന്യൂസീലൻഡാണ് ഇംഗ്ലണ്ടിന്റെ എതിരാളി. ഇംഗ്ലണ്ട് – ന്യൂസീലൻഡ് ഫൈനലിനു കളമൊരുങ്ങിയതോടെ, ഇക്കുറി ലോകകിരീടത്തിന് പുതിയ അവകാശികളെത്തുമെന്നും ഉറപ്പായി. ഇതുവരെ ലോകകപ്പ് കിരീടം നേടിയിട്ടില്ലാത്ത ടീമുകളാണ് ഇംഗ്ലണ്ടും ന്യൂസീലൻഡും. ഇംഗ്ലണ്ടിനിത് നാലാം ലോകകപ്പ് ഫൈനലാണ്. ന്യൂസീലൻഡിന് തുടർച്ചയായ രണ്ടാം ഫൈനലും. 1979, 1987,1992 വർഷങ്ങളിൽ ഫൈനൽ കളിച്ച ഇംഗ്ലണ്ടിന് ഒരിക്കലും ജയിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ വർഷം ആദ്യമായി ഫൈനൽ കളിച്ച ന്യൂസീലൻഡ് ആകട്ടെ, ഓസ്ട്രേലിയയോടു തോൽക്കുകയും ചെയ്തു. അതേസമയം, ലോകകപ്പിൽ എട്ടാം സെമി ഫൈനൽ കളിച്ച ഓസീസിന്റെ ആദ്യ തോൽവിയാണിത്.

 

Leave a Reply

Your email address will not be published. Required fields are marked *