ചെറുവയ്ക്കലില്‍ പിടിച്ചുപറി, മോഷണം വര്‍ദ്ധിച്ചു

തിരുവനന്തപുരം: ശ്രീകാര്യം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട ചെറുവയ്ക്കല്‍ പ്രദേശത്ത് മോഷണം, പിടിച്ചുപറി സംഘങ്ങള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. ഇത്തരക്കാരുടെ മദ്യപിച്ചുകൊണ്ടുള്ള ‘പേക്കൂത്ത് ‘ കാരണം സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമാധാനമായി പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

കഴിഞ്ഞ ദിവസം വൈകിട്ട് 6.30ന് ടൂഷന്‍ ക്ലാസില്‍ പോയി മടങ്ങുകയായിരുന്ന കുട്ടിയെ തടഞ്ഞുനിര്‍ത്തി തലയില്‍ മര്‍ദ്ദിച്ചതായും  വിവരം ലഭിച്ചിട്ടുണ്ട്. ചെറുവയ്ക്കല്‍ പ്രദേശത്തെ ഒരു സ്ഥിരം മദ്യപാനിയും നിരവധി മോഷണക്കേസുകളില്‍ പ്രതിയുമാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നു മാതാപിതാക്കള്‍ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, സംഭവ സമയത്ത് മറ്റൊരാള്‍ സമീപത്ത് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് നിന്നിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. സ്ഥിരംമദ്യപാനിയായതിനാല്‍ പോലീസില്‍ പരാതി നല്‍കിയിട്ടു പ്രയോജനമുണ്ടാവില്ലത്രെ.

അതേ സമയം ഇത്തരക്കാര്‍ക്കു കൂട്ടുനില്‍ക്കുന്നവരെ ഉള്‍പ്പെടെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

രാത്രികാലങ്ങളില്‍ പറമ്പുകളില്‍ നിന്ന് തേങ്ങ, വാഴക്കുലകള്‍ എന്നിവ മോഷണം പോകുന്നതായി മുന്‍പു തന്നെ പരാതികളുണ്ടായിരുന്നു. പലപ്പോഴും കേസുകള്‍ക്കു പിന്നില്‍ നടക്കാന്‍ താല്‍പര്യമില്ലാഞ്ഞിട്ടാവാം പലരും ഇക്കാര്യം പോലീസില്‍ പരാതിപ്പെടാന്‍ താല്‍പര്യപ്പെടാറില്ല. ഇത് ഇക്കൂട്ടര്‍ക്ക് മുതല്‍ക്കൂട്ടാവുകയാണ്. ശ്രീകാര്യം പോലീസ് ശ്രദ്ധിക്കണമെന്ന ആവശ്യം നാട്ടുകാരില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *