സി.എഫ്.തോമസ് പാർട്ടി ചെയർമാനാകും: പി.ജെ.ജോസഫ്

കൊച്ചി : കേരള കോൺഗ്രസ് (എം) അടുത്ത ചെയർമാൻ സി.എഫ്.തോമസ് ആയിരിക്കുമെന്നു പി.ജെ.ജോസഫ്. രണ്ടായി വിഭജിച്ചു നിൽക്കുന്ന പാർട്ടിയിലെ ജോസഫ് വിഭാഗം നേതൃസമ്മേളനത്തിനൊടുവിലാണു പ്രഖ്യാപനം. മൂന്നര മിനിറ്റിൽ ചെയർമാനെ തിരഞ്ഞെടുത്തത് അനധികൃത യോഗമായിരുന്നെന്നും ജോസ് കെ.മാണി പക്ഷത്തെ ജോസഫ് വിമർശിച്ചു.

‘പാർട്ടിയിൽനിന്നു വിട്ടുപോയവർ തെറ്റു തിരുത്തി മടങ്ങിവന്നാൽ ഒന്നിച്ചു പോകാം. പാർട്ടി ഭരണഘടന അനുസരിച്ച് അധികാരമുള്ള ഞങ്ങൾ വിളിക്കുന്നതാണ് ഔദ്യോഗിക യോഗം. മറുപക്ഷത്ത് അധികാരമില്ലാത്തയാളാണു മൂന്നര മിനിറ്റിൽ ചെയർമാനെ തിരഞ്ഞെടുത്ത അനധികൃത യോഗം വിളിച്ചത്. ആ യോഗത്തിൽ പങ്കെടുക്കാത്ത 3 പേരുടെ കള്ള ഒപ്പിട്ടു. ആകെ തട്ടിപ്പായിരുന്നു അവിടെ. പല തലത്തിലുള്ള ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്ന സമയമായതിനാലാണു ജോസ് കെ.മാണി ആവശ്യപ്പെട്ടിട്ടും അന്നു താൻ യോഗം വിളിക്കാതിരുന്നത്.

>അന്നേരം അനധികൃത യോഗം വിളിച്ച് സ്വയം ചെയർമാനാണെന്നു പ്രഖ്യാപിച്ചാൽ എന്തു ചെയ്യാനാവും. നിയമസഭ ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് നിശ്ചയിക്കുന്ന സ്ഥാനാർഥികളെ പിന്തുണയ്ക്കും. പാലായിൽ നിഷ ജോസ് കെ.മാണിയെയാണു നിർദേശിക്കുന്നതെങ്കിൽ അവരെയും പിന്തുണയ്ക്കും. നിയമസഭയിൽ കക്ഷി നേതാവായ താൻ ഇറങ്ങിപ്പോക്ക് പ്രഖ്യാപിക്കുമ്പോൾ റോഷി അഗസ്റ്റിനും എൻ.ജയരാജും ചേരാറാറുണ്ട്. ഭാവിയിൽ അവർ പാർട്ടി ചെയർമാനെ ഉൾപ്പടെ അംഗീകരിക്കും. പാർട്ടിയിലെ 2 ഗ്രൂപ്പുകളിൽ ആരുടെ കൂടെയാണ് ആളുള്ളതെന്ന് കാലം തെളിയിക്കും’- പി.ജെ.ജോസഫ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *