ദുരിതാശ്വാസ അപേക്ഷകൾ ചാക്കിൽ; ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി : പ്രളയ ദുരിതാശ്വാസ അപേക്ഷകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഹൈക്കോടതി സർക്കാരിനോടു വിശദീകരണം തേടി. ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബഞ്ച് പ്രളയവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ അഭിഭാഷകർ വാർത്തയുടെ കാര്യം സൂചിപ്പിച്ചപ്പോഴാണ് വിശദീകരണം.

കലക്ടറേറ്റിലെത്തിയ അപേക്ഷകൾ പരിശോധിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. പ്രളയ ദുരിതാശ്വാസത്തിന് അപേക്ഷ നൽകേണ്ട അവസാന തീയതി ജനുവരി 31 ആയിരുന്നു. വൈകിവന്ന അപേക്ഷകളാണ് ചാക്കിൽ കെട്ടി സൂക്ഷിച്ചത്. സമയപരിധി നീട്ടിയതിനാൽ എല്ലാ അപേക്ഷകളും പരിഗണിക്കും. അപേക്ഷകരുടെ പഞ്ചായത്തുമായി ബന്ധപ്പെട്ട് പരാതികൾ പരിശോധിച്ച് തീർപ്പുണ്ടാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, അപേക്ഷകളെല്ലാം നമ്പരിട്ട് സൂക്ഷിക്കണമെന്നും അപേക്ഷയുടെ നില അപേക്ഷകരെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

പ്രളയ ദുരിതബാധിതർ തപാൽ വഴി അയച്ച അയ്യായിരത്തോളം അപേക്ഷകളാണ് ചാക്കിൽ കെട്ടി എറണാകുളം കലക്ടറേറ്റിലെ ശുചിമുറിക്കു സമീപം മൂലയിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്. കലക്ടറേറ്റ് അഡ്മിനിസ്ട്രേഷൻ ഹാളിനോടു ചേർന്ന ശുചിമുറിക്കു സമീപമാണ് 10 ചാക്കുകളിൽ കെട്ടി അപേക്ഷകളും അപ്പീലുകളും കൂട്ടിയിട്ടിരുന്നത്. ഭൂരിഭാഗവും കലക്ടറുടെ പേരിൽ റജിസ്റ്റേഡ് തപാലിൽ എത്തിയവയാണ്. അപേക്ഷകൾ തുറന്നു പോലും നോക്കിയിട്ടില്ല.

അപ്പീൽ നൽകാനുള്ള സമയം നീട്ടിയ സാഹചര്യത്തിൽ ഇവ തുറന്നു പരിശോധിക്കണമെന്ന ആവശ്യമുയർന്നെങ്കിലും പ്രായോഗികമല്ലെന്നും പുതിയ അപ്പീൽ തദ്ദേശ സ്ഥാപനങ്ങളിൽ സമർപ്പിക്കണമെന്നുമാണ് കലക്ട്രേറ്റിൽനിന്നു നൽകിയ നിർദേശം. സംഭവം വാർത്തയായതോടെ ചാക്കു കെട്ടുകൾ സ്ഥലത്തുനിന്നു നീക്കുകയും വാർത്ത നിഷേധിച്ച് കലക്ടർ രംഗത്ത് വരികയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *