കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും ഫോണുകൾ പിടിച്ചെടുത്തു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും ഫോണുകൾ പിടിച്ചെടുത്തു. ജയിൽ വളപ്പിൽ കുഴിച്ചിട്ട നിലയിൽ ആറ് ഫോണുകളാണ് കണ്ടെടുത്തത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സെന്‍ട്രല്‍ ജയിലില്‍ നിന്നും ഫോണുകള്‍ പിടികൂടുന്നത്. സെല്ലുകൾക്ക് മുന്നിലെ ഉത്തരത്തിൽ ഒളിപ്പിച്ച ഫോണുകളും ജയിൽ വളപ്പിൽ കുഴിച്ചിട്ട ഫോണുകളുമാണ് കണ്ടെടുത്തത്. പവർബാങ്കുകൾ,ഇയർഫോണുകൾ,ക‌ഞ്ചാവ് ഉൾപ്പെടെ ലഹരിപദാർത്ഥങ്ങൾ എന്നിവയും പിടിച്ചെടുത്തു. ജയിലിൽ റെയ്ഡ് തുടരുകയാണ്.

ജയിലിൽ ഇന്നലെ നടന്ന പരിശോധനയില്‍ 10 ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ജയിലിലെ 10 ബ്ലോക്കുകളിലും ജയിൽ വളപ്പിലുമാണ് രാവിലെയും വൈകിട്ടും പരിശോധന. രാഷ്ട്രീയ സംഘർഷങ്ങളിൽ ശിക്ഷിക്കപ്പെട്ട തടവുകാരുള്ള 2,5,6,7 ബ്ലോക്കുകൾക്ക് മുന്നിൽ നിന്നാണ് സ്മാർട്ട് ഫോണുകൾ പിടിച്ചെടുത്തത്. സിപിഎം, ബിജെപി, എസ്ഡിപിഐ പ്രവർത്തകരാണ് ഈ ബ്ലോക്കുകളിലുള്ളത്. .

ഇന്നലെ പിടികൂടിയ 10 ഫോണുകളില്‍ അഞ്ചെണ്ണം സ്മാര്‍ട്ട് ഫോണുകളാണ്. ഇതോടെ ഒന്‍പത് ദിവസത്തിനിടെ പിടികൂടിയ ഫോണുകളുടെ എണ്ണം 27 ആയി. ഇന്നലെ വൈകിട്ട് 5 മണി മുതൽ രാത്രി പതിനൊന്നര വരെയാണ് ജയിലിലെ 10 ബ്ലോക്കിലും പരിശോധന നടത്തിയത്. രാഷ്ട്രീയ സംഘർഷങ്ങളിൽ ശിക്ഷിക്കപ്പെട്ട തടവുകാരുള്ള 2, 5, 6, 7 ബ്ലോക്കുകൾക്ക് മുന്നിൽ നിന്നാണ് ഫോണുകള്‍ പിടിച്ചെടുത്തത്. സിപിഎം, ബിജെപി, എസ്ഡിപിഐ പ്രവർത്തകരാണ് ഈ ബ്ലോക്കുകളിലുള്ളത്. സെല്ലുകൾക്ക് മുന്നിലെ ഉത്തരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകൾ.

ജൂൺ 30 വരെ ദിവസവും പരിശോധന നടത്താനാണ് ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്‍റെ നിർദ്ദേശം. ജയിൽ ഡിജിപിയുടെ തന്നെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ നാല് ദിവസം മുമ്പ് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള തടവുകാരിൽ നിന്ന് നാല് ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഫോൺ ഉപയോഗിച്ച ആറ് തടവുകാരെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഫോൺ ആരുടെയെല്ലാമാണ്, എങ്ങനെയാണ് എത്തിച്ചത് എന്നൊക്കെയുള്ള കാര്യങ്ങൾ കണ്ണൂർ ടൗൺ പൊലീസാണ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *