ഡോക്ടര്‍മാര്‍ നടത്തി വന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തി വന്ന അനിശ്ചിതകാല സമരം ഏഴാം ദിവസം പിന്‍വലിച്ചു. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് മമത ബാനര്‍ജിയും സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായുള്ള ചര്‍ച്ച ആരംഭിച്ചത്.

മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍, തുറന്ന ചര്‍ച്ചക്ക് തയാറെന്ന് അറിയിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, അവസാന നിമിഷം മലക്കം മറിഞ്ഞു.എന്നാല്‍ വാഗ്ദാന ലംഘനം നടത്തിയ മമതയോടുള്ള അമര്‍ഷം മാറ്റി വച്ച ഡോക്ടര്‍മാര്‍ ചര്‍ച്ചയുമായി സഹകരിച്ചു. അടച്ച മുറിയില്‍ നടന്ന ചര്‍ച്ചയില്‍ ഡോക്ടര്‍മാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ മുന്നോട്ട് വച്ചു. ഡോക്ടറെ മര്‍ദ്ദിച്ച രോഗിയുടെ ബന്ധുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡോക്ടര്‍മാര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ജീവഭയമില്ലാതെ ജോലി ചെയ്യാന്‍ അവസരം ഒരുക്കണമെന്നും മമതയോടു ഡോക്ടര്‍മാര്‍ പറഞ്ഞു.

ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പോലീസിന്റെ നോഡല്‍ ഓഫീസറെ നിയമിക്കുമെന്ന് മമത അറിയിച്ചു. ഐസിയു രോഗികളുടെ ബന്ധുക്കളുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളിലെ പബ്ലിക് റിലേഷന്‍ ഓഫീസറെ ചുമതലപെടുത്തും. ഡോക്ടറെ മര്‍ദിച്ച കേസില്‍ ഇതുവരെ 5 പേരെ അറസ്റ്റ് ചെയ്തതായി അവര്‍ വ്യക്തമാക്കി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഡോക്ടര്‍മാരെ സന്ദര്‍ശിക്കുമെന്ന് മമത ബാനര്‍ജി ഉറപ്പ് നല്‍കിയതോടെയാണ് സമരം പിന്‍വലിക്കാന്‍ ഡോക്ടര്‍മാര്‍ സന്നദ്ധത അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *