മോഹൻലാലിന് വേണ്ടി ആര്‍പ്പ് വിളിച്ച ആരാധകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി

പാലക്കാട്: മോഹൻലാലിന് വേണ്ടി ആര്‍പ്പ് വിളിച്ച ആരാധകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്  നെൻമാറയിലെ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. സ്വകാര്യ ആശുപത്രി ഉദ്ഘാടന ചടങ്ങിൽ ഉദ്ഘാടകൻ ആയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്. മോഹൻലാലായിരുന്നു വിശിഷ്ടാതിഥി.

ഇരുവരും ഏതാണ്ട് ഒരുമിച്ചാണ് വേദിയിലെത്തിയത്. മോഹൻലാൽ വരുന്നതറിഞ്ഞ് ആരാധകരുടെ വലിയ കൂട്ടം തന്നെ ആശുപത്രി ഉദ്ഘാടനത്തിനെത്തിയിരുന്നു. മോഹൻലാലിനെ കണ്ട നിമിഷം മുതൽ ആരാധകര്‍ കയ്യടിച്ചും ആര്‍പ്പു വിളിച്ചും സന്തോഷം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിന് എഴുന്നേറ്റിട്ടും മോഹൻലാലിന് വേണ്ടിയുള്ള ആര്‍പ്പുവിളി അവസാനിച്ചില്ല.

സംസാരം തുടങ്ങിയ ശേഷമാണ് പിണറായി വിജയൻ മോഹൻലാൽ ആരാധകരെ വിമര്‍ശിച്ചത്. ഒച്ചയുണ്ടാക്കുന്നവര്‍ക്ക് അത് മാത്രമെ അറിയു, മറ്റുള്ളതിനെ കുറിച്ചൊന്നും അവര്‍ ബോധവാൻമാരല്ല എന്നായിരുന്നു മോഹൻലാലിനെ കൂടി  വേദിയിലിരുത്തി പിണറായിയുടെ പ്രതികരണം.

പിണറായിയുടെ വിമര്‍ശനം കേട്ടതോടെ സദസ്സ് നിശബ്ദമായി. ഉദ്ഘാടന പ്രസംഗം അധികം നീട്ടാതെ മുഖ്യമന്ത്രി വേദി വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *