ശബരിമല വിധി നടപ്പാക്കുന്നതിൽ സർക്കാരിനു കെടുകാര്യസ്ഥതയുണ്ടായെന്ന് വെള്ളാപ്പള്ളി

കൊല്ലം : ശബരിമല വിധി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിനു അങ്ങേയറ്റം കെടുകാര്യസ്ഥതയുണ്ടായെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതിന്റെ പേരിൽ ലോക്സഭാ തിരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്റെ തലയിൽ വച്ചുകെട്ടി കൈകഴുകാൻ എൽഡിഎഫ് ഘടകകക്ഷികൾ ശ്രമിക്കരുത്. പരാജയത്തിന്റെ ഉത്തരവാദിത്തം എൽഡിഎഫിലെ എല്ലാ ഘടകകക്ഷികൾക്കുമുണ്ട്– എസ്എൻഡിപി യോഗം ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല വിധി നടപ്പാക്കുന്നതിൽ എടുത്തുചാട്ടം കാണിക്കാതെ ജനവികാരം കണക്കിലെടുത്തു സംയമനം പാലിക്കണമായിരുന്നു. വികാരത്തെ വികാരപൂർവം നേരിടാൻ പാടില്ലായിരുന്നു. അതിന്റെ ഫലമാണു തിരഞ്ഞെടുപ്പിൽ കണ്ടത്. തിരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായിയുടെ തലയിൽ വച്ചു തടിയൂരാനാണു ഘടകകക്ഷികളുടെയും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെയും ശ്രമം. തിരഞ്ഞെടുപ്പിനു മുന്‍പ് ദേവസ്വം ബോർഡിന്റെ എത്ര യോഗങ്ങൾ കൂടിയിരുന്നു. എൽഡിഎഫ് യോഗങ്ങളും മന്ത്രിസഭാ യോഗങ്ങളും പലതവണ കൂടിയപ്പോഴൊന്നും ശബരിമല വിധി നടപ്പാക്കുന്നതിനെക്കുറിച്ച് ആർക്കും ഒന്നും പറയാനില്ലായിരുന്നു.

ശബരിമലയുടെ പേരിൽ സമുദായം തെരുവിലിറങ്ങരുതെന്നു താൻ അപേക്ഷിച്ചതു പുന്നപ്ര- വയലാർ സമരത്തിന്റെ അനുഭവം വച്ചായിരുന്നു. പുന്നപ്ര- വയലാർ സമരത്തിൽ കൊല്ലപ്പെട്ടവരിൽ 90 ശതമാനവും ഈഴവരും പട്ടികജാതിക്കാരുമായിരുന്നു. ഇതു മുന്നിൽക്കണ്ട്, അന്ന് ആർ.ശങ്കർ ചേർത്തലയിൽ യോഗം നേതാക്കളെ വിളിച്ചുകൂട്ടി അവിവേകം കാണിക്കരുതെന്നു പറഞ്ഞു. പട്ടാളക്കാരുടെ തോക്കിൽ മുതിരയോ ഉപ്പോ അല്ലെന്നും വെടിയുണ്ടയാണെന്നും വാരിക്കുന്തവുമായി ചെന്നാൽ പിടഞ്ഞു മരിക്കുമെന്നും ശങ്കർ ഓർമ്മിപ്പിച്ചു- വെള്ളാപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *