വൃദ്ധയെ കബളിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയിൽ

പത്തനാപുരം: വൃദ്ധയെ കബളിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയിൽ. എ.ടി.എമ്മിൽ നിന്ന് പണമെടുക്കാൻ സഹായം തേടിയ വൃദ്ധയുടെ അയ്യായിരം രൂപ തന്ത്രപൂർവം കൈക്കലാക്കിയ ബി.ടെക് ബിരുദധാരിയാണ് പിടിയിലായത്. അഞ്ചൽ അരീപ്ലാച്ചി ശാലേം ഹൗസിൽ ജിനോ റോയിയാണ് (30) പണം തട്ടിയത്.

മേലില നരിക്കുഴി റഷീദ മൻസിലിൽ സഫിയ ബീവിയുടെ (63) പണം തട്ടിയ സംഭവത്തിലാണ് അറസ്റ്റ്. ഏപ്രിൽ 30നാണ് സംഭവം. സെൻട്രൽ ബാങ്കിന്റെ കുന്നിക്കോട് ശാഖയിലെ എ.ടി.എം കൗണ്ടറിൽ പണം പിൻവലിക്കാൻ സഹായം തേടിയ വൃദ്ധയ്ക്ക് യുവാവ് ആദ്യം പതിനായിരം രൂപ എടുത്തു നൽകി. തുടർന്ന് അയ്യായിരം രൂപ കൂടി പിൻവലിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഈ പണം യുവാവ് തന്ത്രപൂർവം കൈക്കലാക്കുകയും എ.ടി.എമ്മിൽ പണം തീർന്നെന്ന് തെറ്റിദ്ധരിപ്പിച്ച് വൃദ്ധയെ മടക്കി വിടുകയും ചെയ്യുകയായിരുന്നെന്ന് കുന്നിക്കോട് സി.ഐ ബി.സുജിത്ത് പറഞ്ഞു.

അടുത്ത ദിവസം മൊബൈൽ ഫോണിൽ ബാങ്കിടപാട് സംബന്ധിച്ച സന്ദേശം പരിശോധിച്ചപ്പോഴാണ് അയ്യായിരം രൂപകൂടി പിൻവലിച്ചതായി മനസിലാക്കിയത്. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ കുന്നിക്കോട് പൊലീസിൽ സഫിയ ബീവി പരാതി നൽകി. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. അഞ്ചൽ അരീപ്ലാച്ചി സ്വദേശിയായ യുവാവ് മാതാപിതാക്കൾക്കിടയിലെ സ്വരച്ചേർച്ച ഇല്ലായ്മ കാരണം നാളുകളായി കുന്നിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. സംഭവ ശേഷം പത്തനംതിട്ട ജില്ലയിലേക്ക് കടന്ന ഇയാളെ സി.സി.ടി‌.വി ദൃശ്യത്തിലൂടെ തിരിച്ചറിഞ്ഞ് പരിചയക്കാരെ ഉപയോഗിച്ച് വിളിച്ചു വരുത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഉന്നത ബിരുദധാരിയായ യുവാവ് മുമ്പ് ഗുജറാത്തിലെ പ്ലാസ്റ്റിക് കമ്പനിയിൽ പ്രൊഡക്ഷൻ മാനേജരായി ജോലി ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പുനലൂർ കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. യുവാവ് സമാന രീതിയിൽ മറ്റു തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. എസ്.ഐ അജയൻ, എ.എസ്.ഐമാരായ കൃഷ്ണകുമാർ, ജോയി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *