സിഒടി നസീറിനെതിരായ വധശ്രമം; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തലശേരി: വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സിഒടി നസീറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍, കണ്ടാലറിയാവുന്ന മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നസീറിന് തലയിലും കൈകാലുകളിലും വയറിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ മൊഴി പൊലീസ് ആശുപത്രിയിലെത്തി രേഖപ്പെടുത്തിയിരുന്നു. സിപിഎമ്മുമായി അകന്നതും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതുമാണ് വിരോധത്തിന് കാരണമെന്ന് നസീര്‍ മൊഴി നല്‍കിയിട്ടുണ്ട്. ബൈക്കിലെത്തിയ മൂന്നംഗ സംഘത്തില്‍ ഒരാള്‍ ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിക്കുകയും, മറ്റൊരാള്‍ കത്തി കൊണ്ട് വയറിലും കൈകളിലും കുത്തുകയും ബൈക്ക് ഓടിച്ചയാള്‍ നിലത്ത് വീണ നസീറിന്റെ ദേഹത്ത് കൂടി ബൈക്ക് കയറ്റാന്‍ ശ്രമിച്ചുവെന്നാണ് മൊഴി. മൂന്ന് പേരും സിപിഎം പ്രവര്‍ത്തകരാണ്.

ശനിയാഴ്ച വൈകുന്നേരം തലശ്ശേരി കയ്യത്ത് റോഡിലാണ് സംഭവം. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു നസീര്‍. ഇതിനിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്‌കൂട്ടര്‍ ഇടിച്ച ശേഷം വെട്ടിപരിക്കേല്‍പിക്കുകയായിരുന്നു. മേപ്പയ്യൂര്‍ ടൗണില്‍ വോട്ടഭ്യര്‍ഥിച്ച് സംസാരിക്കുന്നതിനിടെ ഏപ്രിലില്‍ ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇത് മൂന്നാം തവണയാണ് വെട്ടേല്‍ക്കുന്നത്.

സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന സിഒടി നസീര്‍ ഏതാനും വര്‍ഷം മുമ്പാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയത്. പി ജയരാജനെതിരേ മത്സര രംഗത്ത് വന്നതിനു ശേഷമാണ് വീണ്ടും സജീവമാകുന്നത്. ഷംസീറിനെതിരെ കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. എഎസ്പി അരവിന്ദ് സുകുമാര്‍, സിഐ വി.കെ.വിശ്വംഭരന്‍, എസ്‌ഐ ഹരീഷ് എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *