നാം മുന്നോട്ട് പരിപാടി : പൊതുഖജനാവിലെ പണം ഉപയോഗിച്ച് മുഖ്യമന്ത്രി പാര്‍ട്ടി ചാനലിനെ ലാഭത്തിലാക്കാന്‍ ശ്രമിക്കുന്നു: വി.മുരളീധരന്‍

തിരുവനന്തപുരം : പൊതുഖജനാവിലെ പണം ഉപയോഗിച്ച് നഷ്ടത്തിലോടുന്ന പാര്‍ട്ടി ചാനലിനെ ലാഭത്തിലാക്കാനാണ് നാം മുന്നോട്ട് പരിപാടി കൈരളി ചാനലിന് നൽകിയതെന്ന് വി മുരളീധരൻ എം പി . നിയമസഭക്ക് നൽകിയ ഉറപ്പ് ലംഘിച്ചാണ് മുഖ്യമന്ത്രി ഈ നടപടി എടുത്തത് .

സി ഡിറ്റിന്റെ പരിപാടി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എം.ഡി ആയിട്ടുള്ള പാര്‍ട്ടി ചാനലിന് കൊടുത്തതിനു പിന്നില്‍ ഗൂഢാലോചനയും അഴിമതിയുമുണ്ട്. സി.പി.എം നേതാവ് ടി. എന്‍. സീമയുടെ ഭര്‍ത്താവും പാര്‍ട്ടി മെമ്പറുമായ ജി. ജയരാജാണ് സി ഡിറ്റിന്റെ രജിസ്ട്രാര്‍. അദ്ദേഹം ഈ തസ്തികയില്‍ തുടരുന്നതുതന്നെ ചട്ടങ്ങള്‍ ലംഘിച്ചാണ്.

ഈ തസ്തികയില്‍നിന്നു വിരമിച്ചതിനു ശേഷം കെയര്‍ടേക്കറായി രജിസ്ട്രാര്‍ സ്ഥാനത്ത് തുടരുന്ന ജയരാജ്, സി ഡിറ്റിന്റെ നയപരവും ഭരണപരവുമായ കാര്യങ്ങളില്‍ തിടുക്കപ്പെട്ട് സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. സി.പി.എമ്മിന്റെ സ്വന്തം കൈരളി ചാനലിന് നാം മുന്നോട്ട് പരിപാടിയുടെ നടത്തിപ്പ് ലഭിക്കാനായി കൈരളിയുടേയും സി ഡിറ്റിന്റേയും ടെന്‍ഡറുകള്‍ ഒരു സ്ഥലത്താണ് നിര്‍മിക്കപ്പെട്ടത്. പരിപാടി കൈരളിക്ക് നല്‍കാനായി സി ഡിറ്റിന്റെ ടെന്‍ഡര്‍ തുക കൈരളിയുടെ ടെന്‍ഡര്‍ തുകയേക്കാള്‍ ബോധപൂര്‍വം കൂട്ടി വച്ചതാണ്.

സി ഡിറ്റിന്റെ പ്രോജക്ടുകള്‍ പുറംകരാര്‍ കൊടുക്കുന്നതിനു പിന്നിലെ വന്‍ അഴിമതിയും വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇക്കാര്യം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി കൊടുക്കും. നാം മുന്നോട്ട് പരിപാടിയുടെ ചുമതല സി ഡിറ്റിനു തിരിച്ചു നല്‍കാനും ഉടന്‍ തീരുമാനമെടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *