അല്‍വാര്‍ കൂട്ടമാനഭംഗം: യുവതിക്കു നീതി ഉറപ്പാക്കുമെന്നു രാഹുല്‍ ഗാന്ധി

ജയ്‌പൂർ: രാജസ്ഥാനിലെ അല്‍വാറില്‍ കൂട്ടമാനഭംഗത്തിന് ഇരയായ ദലിത് യുവതിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. യുവതിക്കു നീതി ഉറപ്പാക്കുമെന്നു രാഹുല്‍ പറഞ്ഞു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡേ എന്നിവർക്കൊപ്പമാണ് രാഹുല്‍ യുവതിയെ കാണാനെത്തിയത്.

ഏപ്രില്‍ 26 നായിരുന്നു അതിക്രൂരമായ സംഭവം നടന്നത്. തനാഗസി – അൽവാർ ബൈപ്പാസിൽ വച്ച് ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിയെ ആറംഗ സംഘം തട്ടിയെടുത്ത് കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. ഭർത്താവിന്റെ മുൻപിൽവച്ചു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. മേയ് 2ന് എഫ്ഐആർ റജിസ്റ്റർ ചെയ്തെങ്കിലും മേയ് 4നാണ് വിഡിയോ ക്ലിപ് പുറത്തുവന്നത്. അഞ്ചുപേരാണ് യുവതിയെ മാനഭംഗപ്പെടുത്തിയത്. ആറാമൻ വിഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. എല്ലാവരെയും അറസ്റ്റ് ചെയ്തു.

സംഭവത്തെ തുടർന്നു രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. അൽവാർ, ജയ്പുർ, ദൗസ തുടങ്ങിയയിടങ്ങളിലും സമീപ പ്രദേശങ്ങളിലും പ്രതിഷേധം നടന്നു. ബിജെപി രാജ്യസഭാ എംപി കിറോരി ലാൽ മീണയുടെ നേതൃത്വത്തിൽ ദൗസയിൽ ചൊവ്വാഴ്ച നടന്ന പ്രതിഷേധപ്രകടനം അക്രമാസക്തമായിരുന്നു. അരഡസനിലധികം പേർക്കു പരുക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിഎസ്പി നേതാവ് മായാവതി തുടങ്ങിയ നേതാക്കൾ സംഭവത്തെ അപലപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *