യു.എ.ഇ തീരത്ത് സൗദിയുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം

ദുബായ്: യു.എ.ഇയുടെ കിഴക്കൻ തീരത്തുള്ള ഫുജൈറ തുറമുഖത്തിന് സമീപം സൗദിയുടെ രണ്ട് ഓയിൽ ടാങ്കറുകൾ ഉൾപ്പെടെ നാലു ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായി സ്ഥിരീകരണമുണ്ടായതോടെ മദ്ധ്യ പൂർവേഷ്യൻ മേഖലയിലെ സംഘർഷത്തിന് ഒന്നുകൂടി ആക്കം കൂടി. സംഭവത്തെ തുടർന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ മോസ്കോ സന്ദർശനം റദ്ദാക്കി. രാജ്യാന്തര എണ്ണക്കടത്തിന് ഭീഷണിയാണ് ആക്രമണമെന്ന് സൗദി പ്രതികരിച്ചു. സംശയമുന തങ്ങൾക്കു നേർക്കാണെന്ന് മനസിലായതോടെ ഇറാനും അന്വേഷണം ആവശ്യപ്പെട്ടു.

ഞായറാഴ്ച, യു.എ.ഇ പ്രാദേശിക സമയം വെളുപ്പിന് ആറു മണിയോടെയാണ് ചരക്ക് കപ്പലുകൾക്ക് നേർക്ക് ആക്രമണമുണ്ടായത്. നാല് കപ്പലുകൾക്കു നേർക്ക് ‘അജ്ഞാതരുടെ അട്ടിമറി ശ്രമം’ ഉണ്ടായെന്നാണ് യു.എ.ഇ മന്ത്രാലയം ആദ്യം വെളിപ്പെടുത്തിയത്. തങ്ങളുടെ രണ്ട് എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടതായി സൗദിയുടെ ഔദ്യോഗിക വാർത്താ ഏജൻസി പിന്നാലെ വെളിപ്പെടുത്തി.

യു.എസ്- ഇറാൻ ഉടക്ക് യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക വളരുന്നതിനിടെയാണ് അമേരിക്കയുടെ ഉറ്റസുഹൃത്തായ സൗദിയുടെ കപ്പലുകൾ ആക്രമിക്കപ്പെട്ടിരിക്കുന്നത്. സൗദിയിലെ റാസ് തനൂര തുറമുഖത്തു നിന്നു ക്രൂഡ് ഓയിലുമായി അമേരിക്കയിലേക്ക് പോയ എണ്ണക്കപ്പലാണ് ഇതിലൊന്ന്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. ആളപായമുണ്ടായതായും റിപ്പോർട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *