സ്വർണ കവർച്ച: അന്വേഷണം ആലുവയിലെ ഗുണ്ടാസംഘത്തിലേക്ക്

കൊച്ചി:  സ്വർണ കവർച്ചാക്കേസിൽ ആലുവയിലെ ഗുണ്ടാസംഘത്തെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. ഇവരിൽ ചിലർ കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനം വിട്ടതായി വ്യക്തമായിട്ടുണ്ട്. എന്നാൽ അന്വേഷണം തുടരുകയാണെന്നും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നുമാണ് അന്വേഷണസംഘം പറയുന്നത്.

എടയാറിലെ സ്വർണ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ടുപോയ ആറുകോടിരൂപയുടെ സ്വർണം കവർന്ന സംഭവത്തിലാണ് അന്വേഷണം തുടരുന്നത്. കസ്റ്റഡിയിലുണ്ടായിരുന്ന നാലുപേരെ വിട്ടയച്ചു. ഇവരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെങ്കിലും കവർച്ചയിൽ പങ്കുളളതിന്‍റെ സൂചന കിട്ടിയിട്ടില്ല. ഇന്നലെ വൈകുന്നേരം ആലുവയിൽ നിന്ന് മുന്പ് കവർച്ചാ കേസുകളിൽ പ്രതികളായ മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെയും  വിട്ടയച്ചു.

എന്നാൽ ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ആലുവയിലെ ഗുണ്ടാ സംഘത്തിൽപ്പെട്ട ചിലർ സംഭവത്തിന് തൊട്ടുപിന്നാലെ കേരളം വിട്ടതായി വ്യക്തമായത്. കേരളത്തിന് പുറത്തുളള ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്നുവെന്നാണ് ഇവർ സുഹൃത്തുക്കളോട് പറഞ്ഞത്. ഇവരിൽ ഒരാൾ ഉപയോഗിച്ചിരുന്ന ബൈക്കും മറ്റൊരാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കവർച്ച നടത്തിയവ‍ർ സ്വർണവുമായി കടന്ന ബൈക്ക് ഇതു തന്നെയാണോ എന്നാണ് പരിശോധിക്കുന്നത്.

കേരളം വിട്ടവർ അടുത്തകാലത്തായി പുതിയ ചില മൊബൈൽ നമ്പറുകളാണ് ഉപയോഗിക്കുന്നത്. ഇവയുടെ ഫോണ്‍ വിളി വിശദാംശങ്ങൾ ഉച്ചയ്ക്കുശേഷമേ സർവീസ് പ്രൊവൈഡറിൽ നിന്ന് പൊലീസിന് ലഭിക്കൂ. ഇതുകൂടി കിട്ടയശേഷമാകും തുടർ നടപടികൾ. സ്വർണം കൊണ്ട് വരുന്നതിനെക്കുറിച്ച് കൃത്യമായ അറിവുളളവരാണ് സംഭവത്തിന് പിന്നിൽ എന്ന നിലപാടിലാണ് പൊലീസ് ഇപ്പോഴും. കവർച്ചാ സംഘത്തിന് സ്വർണം കൊണ്ടുവരുന്ന വാഹനത്തിന്‍റെ വിവരങ്ങൾ കൃത്യമായി മുൻകൂട്ടി കിട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *