കുടിവെള്ളക്ഷാമം; നാട്ടുകാര്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം. പാളയം,നന്ദൻകോട് ഭാഗത്താണ് പ്രതിസന്ധി രൂക്ഷം. പലവട്ടം പരാതിപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കാന്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു.

പകൽ സമയത്ത് വെള്ളം കിട്ടാറേയില്ല. പുലർച്ചെയാകട്ടെ മണിക്കൂറുകളുടെ കാത്തിരിപ്പ്. ചെറു പാത്രങ്ങളിലും കുപ്പികളിലും വരെ വെള്ളം ശേഖരിക്കേണ്ട സ്ഥിതി. മാസങ്ങളായി ഇതാണ് നന്ദൻകോട് കനകനഗറിലെ ആളുകളുടെ അവസ്ഥ.

ജല അതോറിറ്റി ആസ്ഥാനത്തിന് തൊട്ടടുത്തുള്ള ഒബ്സർവേറ്ററി, ലെനിൻ നഗര്‍ ഭാഗങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലടക്കം ടാങ്കറിലാണ് വെളളമെത്തിക്കുന്നത്. പ്രധാന റോഡുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് മാത്രമാണ് ടാങ്കര്‍ വെളളം കിട്ടുന്നത്. ഇടറോഡുകള്‍ക്ക് സമീപം താമസിക്കുന്നവരുടെ സ്ഥിതിയാണ് ഏറെ കഷ്ടം.

പുതിയ പൈപ്പ് സ്ഥാപിച്ചാല്‍ മാത്രമെ മുഴുവന്‍ സമയവും വെളളമെത്തിക്കാനാകൂ എന്നാണ് വാട്ടര്‍ അതോറിറ്റിയുടെ വിശദീകരണം. രാവിലെ എട്ട് മണിവരെ തടസമില്ലാതെ കുടിവെളളം നല്‍കാമെന്ന് എക്സിക്യുട്ടീവ് എഞ്ചീനയര്‍ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *