റിസാറ്റ് 2ബി ആർ1 മെയ് 22ന് മിഴി തുറക്കും

ന്യൂഡൽഹി: ആകാശത്ത് സാങ്കേതികവിദ്യയുടെ തൃക്കണ്ണ് തുറക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യയുടെ റഡാർ ഇമേജിംഗ് ഉപഗ്രഹം റിസാറ്റ് 2ബി ആർ1 മെയ് 22ന് ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നും ഐ എസ് ആർ ഓ വിക്ഷേപിക്കും.

റിസാറ്റ് പരമ്പരയിലെ മുൻ ഉപഗ്രഹങ്ങളെ അപേക്ഷിച്ച് കൂടുതൽ നവീനമായ സാങ്കേതികവിദ്യയിലാണ് റിസാറ്റ് 2ബി ആർ1 ഒരുങ്ങുന്നത്. പുതിയ ഉപഗ്രഹം റിസാറ്റ് പരമ്പരയിലെ മുൻഗാമികളോട് ആകാരസാദൃശ്യമുള്ളതാണെങ്കിലും ഘടനാപരമായി വ്യത്യാസമുണ്ട്. ഒരേസമയം പര്യവേക്ഷണത്തിനും നിരീക്ഷണത്തിനും സാദ്ധ്യമാകുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. റിസാറ്റിന്റെ x-ബാൻഡ് സിന്തെറ്റിക് അപ്പേർച്ചർ റഡാർ (SAR) രാപകൽ ഭേദമില്ലാതെ കാലാവസ്ഥാ പ്രവചനത്തിനും നിരീക്ഷണത്തിനും ഉതകുന്നതാണ്. മേഘങ്ങൾക്കിടയിലൂടെ തുളഞ്ഞു കയറാനും ഒരു മീറ്റർ വരെ ഉപക്ഷേപത്തിൽ ചിത്രങ്ങൾ അടുത്തു കാണിക്കാനും ഇതിന് സാധിക്കും. ഒരു മീറ്റർ വരെ അകലത്തിൽ വേർതിരിക്കപ്പെട്ടിരിക്കുന്ന വസ്തുക്കളെ മിഴിവോടെ പകർത്താനുള്ള കഴിവും ഇതിനുണ്ട്.

ഭൂമിയിലെ ഒരു വസ്തുവിന്റെ ചിത്രം പ്രതിദിനം രണ്ടോ മൂന്നോ തവണ മിഴിവോടെ പകർത്താൻ റിസാറ്റിന് സാധിക്കും. അതു കൊണ്ട് തന്നെ പാക് അധീന കശ്മീരിലെ ഭീകരവാദി ക്യാമ്പുകൾ അടക്കമുള്ളവയെ കൃത്യമായി അടയാളപ്പെടുത്താൻ ഇതിന് സാധിക്കും.

ഭാരതീയ സുരക്ഷാ സേനകളുടെ എല്ലാ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളെയും ശക്തിപ്പെടുത്തുന്നത് വഴി ദേശസുരക്ഷയെ ബാധിക്കുന്ന നേരിയ ഭീഷണികളെപ്പോലും മുൻകൂട്ടി അറിയിക്കാൻ ഇതിന് സാധിക്കും. സമുദ്രത്തിലൂടെ നീങ്ങുന്ന യാനങ്ങളെയും ട്രാക്ക് ചെയ്യാൻ കഴിവുള്ള റിസാറ്റിന്റെ സഹായത്തോടെ ഇന്ത്യൻ സമുദ്രാതിർത്തി മേഖലകളിലെ ചൈനീസ് കപ്പലുകളുടെ സാന്നിദ്ധ്യവും അറബിക്കടലിലെ പാക് നാവിക യാനങ്ങളുടെ നീക്കങ്ങളും തത്സമയം വിലയിരുത്താൻ ഇന്ത്യക്ക് ഇനി അതിവേഗം കഴിയും. റിസാറ്റിന്റെ മുൻ വകഭേദങ്ങളുടെ സഹായത്തോടെയാണ് 2016ലെ മിന്നലാക്രമണങ്ങളും 2019ല ബലാക്കോട്ട് വ്യോമാക്രമണവും ഇന്ത്യൻ സേനകൾ നിർവ്വഹിച്ചത്. ഐ എസ് ആർ ഓയുടെ ദുരന്ത നിവാരണ ക്ഷമത ഉദ്ദീപിപിക്കാനും റിസാറ്റിന്റെ പുതിയ രൂപത്തിന് ക്ഷമതയുണ്ട്.

ഇസ്രായേലിൽ രൂപകൽപ്പന ചെയ്ത റിസാറ്റ്-2 ഉപഗ്രഹം സുരക്ഷാ സേനകളുടെ നിരീക്ഷണ സംവിധാനങ്ങളെ നിലവിൽ ത്വരിതപ്പെടുത്തുന്നുണ്ട്. 536 കിലോമീറ്റർ ഉയരത്തിൽ നിന്നും ഇന്ത്യൻ അതിർത്തി മേഖലകളെ ഇരുപത്തിനാല് മണിക്കൂറും ഇത് നിരീക്ഷിച്ച് പോരുന്നു.

പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ബീം സ്കാനിംഗ് റഡാറുകളെ അപേക്ഷിച്ച് റിസാറ്റ് 2ബി ആർ1 ന്റെ ഏറ്റവും വലിയ സാങ്കേതിക വ്യത്യാസം ഇത് ഒരു മേഖലയിലെ ലക്ഷ്യസ്ഥാനത്തിന്റെ അന്തിമ ഘടനാ ഉപക്ഷേപങ്ങളെ റഡാർ ആന്റിനയുടെ ചലനങ്ങളുടെ സഹായത്തോടെ രേഖപ്പെടുത്തുന്നു എന്നതാണ്. റഡാർ സംവേദനങ്ങളെ വസ്തുവിൽ നിന്ന് തിരിച്ച് ആന്റിനയിൽ എത്തിക്കുമ്പോൾ ഇതിൽ വലിയ ഛേദം സൃഷ്ടിക്കപ്പെടുന്നു. ഛേദത്തിന്റെ വലുപ്പം ദൃശ്യങ്ങളുടെ മിഴിവേറ്റുന്നു എന്നതാണ് റിസാറ്റ് ശ്രേണിയിലെ നവാതിഥിയുടെ പ്രകടമായ സവിശേഷത.

Leave a Reply

Your email address will not be published. Required fields are marked *