പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കാനുള്ള മീണയുടെ ശുപാർശ തള്ളി

തിരുവനന്തപുരം: കാസര്‍ഗോഡ് പിലാത്തറ എയുപി സ്കൂളില്‍ പഞ്ചായത്തംഗം എന്‍.പി.സലീന കള്ളവോട്ടു ചെയ്തെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ കണ്ടെത്തലില്‍ നടപടിയെടുക്കാനാകില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. പഞ്ചായത്തംഗത്തെ കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചിട്ടില്ലാത്തതിനാലും പഞ്ചായത്തംഗത്തെ അയോഗ്യയാക്കുന്നതിനു കമ്മിഷന്‍ മുന്‍പാകെ റഫറന്‍സ് നടത്തുന്നതിനു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ ചുമതലപ്പെടുത്താത്തതിനാലും സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ അറിയിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിലെ പിലാത്തറ എയുപി സ്കൂളില്‍ പഞ്ചായത്തംഗം എന്‍.പി.സലീന കള്ളവോട്ടു ചെയ്തതായി കണ്ടെത്തിയെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ്. നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കുമുള്ള തിരഞ്ഞെടുപ്പുകളുടെ മേല്‍നോട്ടം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കാണ്. പഞ്ചായത്ത് അംഗത്തിന് അയോഗ്യത കല്‍പ്പിക്കാനുള്ള അധികാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും പെരുമാറ്റ ദൂഷ്യം, ആള്‍മാറാട്ടം തുടങ്ങിയ കുറ്റത്തിനു കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചാല്‍ മാത്രമേ പഞ്ചായത്തംഗത്തെ അയോഗ്യനാക്കാന്‍ കഴിയൂ എന്നും മറുപടി കത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കാനുള്ള നടപടി സ്വമേധയാ സ്വീകരിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കഴിയില്ല. ബന്ധപ്പെട്ട പഞ്ചായത്തിലെ ഒരംഗമോ വോട്ടറോ കമ്മിഷന് പരാതി നല്‍കണം. അല്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിയോ സര്‍ക്കാര്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ കമ്മിഷന്‍ മുന്‍പാകെ റഫറന്‍സ് നടത്തണം. കമ്മിഷന്‍ മുന്‍പാകെ റഫറന്‍സ് നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ അധികാരപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *