ശ്രീലങ്കയിലെ ചാവേർ സ്ഫോടനപരമ്പര: ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

കൊളംബോ: ശ്രീലങ്കയിലുണ്ടായ ചാവേർ സ്ഫോടനപരമ്പരയുടെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്ഐഎസ്) ഏറ്റെടുത്തു. സംഘടനയുടെ ഒൗദ്യോഗിക വാർത്താ മാധ്യമമായ അൽ– അമാഖ് ന്യൂസ് പോർട്ടൽ വഴിയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. തങ്ങളുടെ കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തുന്ന രാജ്യങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരെയാണ് ആക്രമണമെന്നും സംഘടന വ്യക്തമാക്കി. അതിനിടെ സെന്റ് സെബാസ്റ്റിയന്‍ പള്ളിയിലേക്ക് പുറത്തു തൂക്കിയ ബാഗില്‍ ബോംബുമായി എത്തുന്ന വിഡിയൊ പുറത്തുവന്നു.

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്ഫോടനപരമ്പരയിൽ 320 ലേറെ പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ 8 ഇന്ത്യക്കാരും ഉൾപ്പെടുന്നു. നാഷനൽ തൗഹീദ് ജമാഅത്ത് (എൻടിജെ), ജമാഅത്തുൾ മിലാത്ത് ഇബ്രാഹിം (ജെഎംഐ) എന്നീ സംഘടനയിൽപ്പെട്ട ചാവേറുകളാണു സ്ഫോടനപരമ്പര നടത്തിയതെന്നു ശ്രീലങ്കൻ സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ താരതമ്യേന ചെറിയ സംഘടനകളായ ഇവർക്ക് രാജ്യാന്തര സംഘനകളുടെ പിന്തുണ ലഭിച്ചിരുന്നോയെന്ന് അന്വേഷിക്കുമെന്നു ശ്രീലങ്കൻ പ്രതിരോധ സഹമന്ത്രി റുവാൻ വിജവർധനെ പറഞ്ഞിരുന്നു. ആക്രമണത്തിൽ ഐഎസ് രീതിയുണ്ടെന്നു യുഎസ് ഇന്റലിജൻസും അറിയിച്ചിരുന്നു. സംഭവത്തിൽ ഇതുവരെ 40 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *